വ്യക്തിയെ അപമാനിച്ച കേസിൽ യൂടൂബർ തൊപ്പി വീണ്ടും അറസ്റ്റിൽ

ശ്രീകണ്ഠപുരം: അശ്ലീല യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ മാങ്ങാട്ടെ വീടിന് സമീപം വെച്ചാണ് ശ്രീകണ്ഠപുരം സി.ഐ രാജേഷ് മാരാങ്കലത്ത് തൊപ്പിയെ പിടികൂടിയത്. തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്.
കമ്പിവേലി നിർമ്മിച്ച് നൽകി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീല രീതിയിൽ നിരന്തരം അവഹേളിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
കമ്പിവേലി നിർമ്മിച്ച് സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ സജി സേവ്യർ തന്റെ ഫോൺ നമ്പർ സഹിതം കമ്പിവേലി നിർമിച്ചു നൽകുമെന്ന ബോർഡ് സ്ഥാപിക്കാറുണ്ട്. മാങ്ങാട് സ്ഥാപിച്ച ബോർഡിൽ നിന്ന് സജി സേവ്യറിന്റെ നമ്പർ ശേഖരിച്ച് മൊബൈൽ ഫോണിൽ വിളിച്ച് തനിക്ക് കമ്പിയാക്കിത്തരുമോയെന്ന് ചോദിക്കുകയും ഈ സംഭാഷണം പകർത്തി യുടൂബിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിറകെ തൊപ്പിയുടെ അനുയായികളായ നിരവധി പേർ രാപ്പകൽ ഭേദമന്യേ സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറയാൻ തുടങ്ങി. ഇതോടെ സജി സേവ്യറിന്റെ ജീവിത മാർഗം തന്നെ അവതാളത്തിലായി. ഇതേ തുടർന്ന് കഴിഞ്ഞ അഞ്ചാം തീയതി സജി സേവ്യർ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിൽ കേസെടുത്താണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. എ. എസ്.ഐ സി.പി സജിമോനും തൊപ്പിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.