സിൽവർ ലെെൻ കേരളത്തിന്‌ അനിവാര്യം; ഇ. ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക്‌ കൈമാറി

Share our post

മലപ്പുറം : സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ റിപ്പോർട്ട്‌ മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക്‌ കൈമാറി. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്‌ മുഖാന്തരമാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. സിൽവർലൈൻ പദ്ധതിക്ക്‌ തത്വത്തിൽ എതിരല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ സമർപ്പിച്ചതായി പ്രൊഫ. കെ.വി. തോമസും പറഞ്ഞു.

നിലവിലുള്ള ഡി.പി.ആർ പ്രകാരം റെയിൽവേ ബോർഡിന്റെ അനുമതി കിട്ടാൻ പ്രയാസമാണ്‌. കേരളത്തിന്‌ ഹൈസ്‌പീഡ്‌ അല്ലെങ്കിൽ സെമി സ്‌പീഡ്‌ റെയിൽ അനിവാര്യമാണ്‌. ആദ്യം സെമി സ്‌പീഡ്‌ തുടങ്ങിയാലും പിന്നീട്‌ ഹൈ സ്‌പീഡിലേക്ക്‌ മാറണം. പാതയെ ദേശീയ റെയിൽപാതയുമായി ബന്ധിപ്പിക്കണം. അതിന്‌ ബ്രോഡ്‌ഗേജ്‌ പാതയാണ്‌ വേണ്ടത്‌. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ആദ്യം തിരുവനന്തപുരംമുതല്‍ കണ്ണൂർവരെ നിർമിക്കാം. പിന്നീട്‌ കാസർകോട്ടേക്കും ഭാവിയിൽ മംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും നീട്ടാനാകണം. ഘട്ടംഘട്ടമായി പാത പൂർത്തിയാക്കണം. പൂർത്തിയാകുന്ന റീച്ചിൽ ഗതാഗതം സാധ്യമാകും. പരിസ്ഥിതിക്ക്‌ ദോഷം വരുത്താത്തവിധമാകണം നിർമാണം. വലിയ മതിൽ കെട്ടി തിരിക്കാതെ ആകാശപാതയും തുരങ്കവും ഉപയോഗപ്പെടുത്തണം. അങ്ങനെവന്നാൽ നിലവിലുള്ളതിന്റെ 25 ശതമാനം സ്ഥലം ഏറ്റെടുത്താൽ മതി. ബാക്കി സ്ഥലം വാടകയ്‌ക്ക്‌ എടുക്കാം. ചെലവും കുറയും. വിദേശ വായ്‌പ ലഭ്യമാകാനും തടസ്സമുണ്ടാകില്ല– ഇ. ശ്രീധരൻ പറഞ്ഞു.

കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്‌ കഴിഞ്ഞദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ. ശ്രീധരനുമായി കേരളത്തിലെ റെയിൽ വികസനത്തെക്കുറിച്ച്‌ ചർച്ച ചെയ്‌തിരുന്നു. ഇതേതുടർന്നാണ്‌ ഇ ശ്രീധരൻ തയ്യാറാക്കിയ പ്രത്യേക കുറിപ്പ്‌ മുഖ്യമന്ത്രിക്ക്‌ കൈമാറിയത്‌. കെ-റെയിൽ കേരളത്തിന് യോജിച്ചതല്ലെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഇ.ശ്രീധരൻ വ്യക്തമാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!