കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിലെ നോട്ട് കെട്ടുകൾ കണ്ട് ഞെട്ടി വിജിലൻസ്

കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിലെ നോട്ട് കെട്ടുകൾ കണ്ട് വിജിലൻസ് ഞെട്ടിയെന്നാണ് വിവരം. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിന്റെ വീട്ടിലെ റെയ്ഡിനിടെയാണ് സംഭവം. മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിലായതിനെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്.
500,2000,200 രൂപയുടെ നോട്ടുകെട്ടുകളാണ് വിജിലൻസ് കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. ഇതെല്ലാം കൈക്കൂലി പണമാണെന്നാണ് പ്രാഥമിക നിഗമനം. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണം എന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ പറഞ്ഞത്. ശസ്ത്രക്രിയക്ക് ഡേറ്റ് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാൾ ശല്യപ്പെടുത്തിയെന്നാണ് ആക്ഷേപം.
ഒടുവിലാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. ഓട്ടു പാറയിലുള്ള ക്ലിനിക്കിലെത്തിയ പരാതിക്കാരൻ ഡോ. ഷെറി ഐസകിന് കൈക്കൂലി നൽകിയപ്പോൾ മറഞ്ഞുനിന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നു.