ഏക സിവിൽ കോഡ്‌: ലീഗ്‌ കടുപ്പിച്ചു, ഒടുവിൽ സംഗമത്തിന്‌ യു.ഡി.എഫ്‌ തീരുമാനം

Share our post

തിരുവനന്തപുരം : മുസ്ലിം ലീഗ്‌ സമ്മർദം കടുപ്പിച്ചതോടെ ഏക സിവിൽ കോഡ്‌ വിഷയത്തിൽ സമരം പ്രഖ്യാപിക്കാൻ നിർബന്ധിതമായി യു.ഡി.എഫ്‌. ‘ബഹുസ്വരതാ സംഗമങ്ങൾ’ സംഘടിപ്പിക്കാനാണ്‌ തീരുമാനം. വിഷയത്തിൽ സെമിനാർ നടത്തുമെന്ന്‌ ലീഗ്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ കെ.പി.സി.സി.യും വ്യക്തമാക്കി. 29ന്‌ തിരുവനന്തപുരത്താണ്‌ സംഗമം നടത്തുക.

രണ്ടു പാർടികളും വെവ്വേറെ പരിപാടി സംഘടിപ്പിക്കുകയും മറ്റ്‌ ഘടക കക്ഷികൾ സമരത്തിന്റെ ഭാഗമല്ലാതിരിക്കുകയും ചെയ്യുന്നത്‌ യു.ഡി.എഫ്‌ പല തട്ടിലാണെന്ന സന്ദേശം നൽകുമെന്ന്‌ ലീഗ്‌ നേതാക്കൾ യുഡിഎഫ്‌ യോഗത്തിൽ പറഞ്ഞു. കോൺഗ്രസ്‌ നേതാക്കൾതന്നെ പലതരം അഭിപ്രായം പ്രകടിപ്പിച്ചതിനെതിരെ വിമർശമുണ്ടായി. കോൺഗ്രസ് നിലപാടിൽ ലീഗിനുള്ളിൽത്തന്നെ അതൃപ്തി ഉടലെടുത്തത് മറികടക്കുകയെന്ന ലക്ഷ്യംകൂടി ബഹുസ്വരതാ സംഗമങ്ങൾക്കു പിന്നിലുണ്ട്‌.

ഏക സിവിൽ കോഡ്‌ വിഷയത്തിനേക്കാൾ പ്രാധാന്യം സംസ്ഥാന സർക്കാരിനെതിരായ സമരങ്ങൾക്ക്‌ നൽകാനായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ്‌ നേതൃത്വത്തിന്റെ ശ്രമം. ഈ ഘട്ടത്തിൽ പ്രാധാന്യം ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിനാണെന്ന നിലപാടും ലീഗ്‌ സ്വീകരിച്ചു. ഇതോടെയാണ്‌ സർക്കാരിനെതിരായ സമരങ്ങൾ സെപ്‌തംബറിലേക്ക്‌ നീട്ടാൻ ധാരണയായത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!