‘റബ്ബറിന് 300 കിട്ടിയാൽ എം.പിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാർ ഇവിടെയുണ്ടായിരുന്നു, അവർ അഭിപ്രായം മാറ്റി’

Share our post

കോട്ടയം: മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും അവരൊക്കെ ഇപ്പോൾ  അഭിപ്രായം മാറ്റിയെന്നും ഗോവിന്ദൻ പറഞ്ഞു.

‘മണിപ്പൂർ സംഘർഷം തുടങ്ങിയിട്ട് രണ്ട് മാസമായി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. നൂറുകണക്കിന് ആളുകൾ മരിച്ചു. ഇതേ മിണ്ടാട്ടമില്ലായ്മ കണ്ട മറ്റൊരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ഇരിക്കുമ്പോൾ വർഗീയ കലാപം മാത്രമല്ല വംശഹത്യതന്നെ നടന്നു.

അന്നത്തെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. ബി.ബി.സി. ആ കാര്യങ്ങൾ ഉൾപ്പെടെയാണ് ലോകത്ത് വിതരണംചെയ്തത്. ആ പ്രധാനമന്ത്രി മണിപ്പൂർ സംഭവത്തിൽ മിണ്ടുന്നില്ല എന്നുപറഞ്ഞാൽ അത്ഭുതപ്പെടാനില്ല’, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

‘നൂറുകണക്കിന് പള്ളികൾ തകർത്തു. നിരവധി വീടുകളും അനുബന്ധ സ്ഥാപനങ്ങളും തകർത്തു. ജനാധിപത്യപരമായി നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള ഐക്യവും തകർത്തു. ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമുദ്ര ഐക്യം തകർക്കുക എന്നതാണ്. ജനകീയ ഐക്യത്തിന് പകരം സംഘർഷത്തിലേക്ക് നീങ്ങുക എന്നാണ്.

അതിന്റെ ചിത്രമാണ് മണിപ്പൂരിൽ. 300 രൂപ റബറിന് കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ചില ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റി. എന്തു തന്നാലും രാജ്യത്ത് ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ നാളെ കേരളത്തിലേക്കും വരില്ലെന്ന് എന്താണ് ഉറപ്പ്’, ഗോവിന്ദൻ ചോദിച്ചു.

‘ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കുക. അതുവഴി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന, ഫെഡറൽ സംവിധാനനങ്ങൾ എല്ലാം പിച്ചിച്ചീന്തി, പുതിയ ചാതുർവർണ്യ വ്യവസ്ഥിതിയിലേക്ക് മനുസ്മൃതിയുടെ പിന്തുണയോടെ പുതിയ ഭരണഘടന രൂപപ്പെടുത്തി മുമ്പോട്ട് പോകാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ആർ.എസ്.എസിനേയും ബി.ജെ.പിയേയും വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യക്ക് നിലനിൽക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് ഇന്ത്യൻ ജനത നേടിക്കൊണ്ടിരിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!