തെരുവുവിളക്കുകൾ കത്തുന്നില്ല: കണ്ണൂർ നഗരം ഇരുട്ടിലാണ്

binary comment

Share our post

കണ്ണൂർ : പൊലീസിന്റെ രാത്രികാല പരിശോധനയ്‌ക്കുപോലും തടസമായി ​നഗരത്തിലെ ചില പ്രധാന ഭാ​ഗങ്ങൾ ഇരുട്ടിൽ മുങ്ങുന്നു. യോ​ഗശാല റോഡ്, പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തെ അണ്ടർപാസ്, താളിക്കാവ് ഡിവിഷനിലെ പടന്നപ്പാലം പാസ്പോർട്ട് ഓഫീസിന് സമീപത്തെ റോഡ്, ജവഹർ സ്റ്റേഡിയം പരിസരത്തെ ചിലഭാ​ഗങ്ങൾ എന്നിവിടങ്ങളിൽ രാത്രി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. ഹൈമാസ്‌റ്റ്‌ വിളക്ക്‌ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസിപി കോർപ്പറേഷന് പരാതി നൽകി ഒരുവർഷമായിട്ടും നടപടിയെടുക്കാത്തതിലും പ്രതിഷേധം ശക്തമാകുന്നു. 

ജൂൺ അഞ്ചിന് പുലർച്ചെ കണിച്ചാർ സ്വദേശിയായ ലോറി ഡ്രൈവർ ജവഹർ സ്റ്റേഡിയം പരിസരത്ത് കൊലപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസ് ന​ഗരത്തിൽ രാത്രികാല പട്രോളിങ്ങും കർശനമാക്കി. എന്നാൽ പലയിടങ്ങളിലും വെളിച്ചം ഇല്ലാത്തതിനാൽ പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നും ചിലയിടങ്ങളിൽ ഇരുട്ടിന്റെ മറപറ്റി ലഹരിമാഫിയ സംഘങ്ങളും സമൂഹവിരുദ്ധരും തമ്പടിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

തെരുവുവിളുക്കുകൾ പ്രകാശിക്കാത്തത് ലഹരി മാഫിയ സംഘങ്ങൾക്ക് ഒത്തുകൂടാൻ സാഹചര്യമൊരുക്കുന്നതായും പ്രശ്‌നബാധിതമേഖലയിൽ പൊതുജന സുരക്ഷ ഉറപ്പുവരുത്താൻ ഹൈമാസ്റ്റ്‌ വിളക്കുകൾ സ്ഥാപിക്കണമെന്നും പൊലീസ് കോർപറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2022 ആ​ഗസ്ത് 20ന് എ.സി.പി ടി.കെ. രത്നകുമാർ ഇത് സംബന്ധിച്ച് കോർപറേഷന് പരാതിയും നൽകി. എന്നാൽ ആവശ്യം ഇതുവരെയയായിട്ടും പരി​ഗണിച്ചിട്ടില്ല. 

കണ്ണൂർ ന​ഗരത്തിന്റെ ഹൃദയഭാ​ഗമായ യോ​ഗശാല റോഡിലൂടെയുള്ള രാത്രിസഞ്ചാരം ഏറെ ദുഷ്കരം. സന്ധ്യയായാൽ വെളിച്ചം തീരെയില്ലാത്തതിനാൽ കാൽനടയാത്രക്കാർ ഇതുവഴി നടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. രാത്രി ലഹരിമാഫിയ സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നതായും പരാതിയുണ്ട്‌. ജൂൺ 20ന് കണ്ണൂർ സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് യോ​ഗശാല റോഡിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലാവുകയും ചെയ്‌തിരുന്നു. 

ജവഹർസ്റ്റേഡിയത്തിന്റെ കഫംർട്ട് സ്റ്റേഷന് സമീപം ഒരു തെരുവുവിളക്കുമാത്രം. സ്‌റ്റേഡിയം കോംപ്ലക്സിലെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന കെട്ടിടത്തിന്റെ ഭാഗത്തൊന്നും വെളിച്ചം തീരെയില്ല. രാത്രി റെയിൽ‍വേ സ്റ്റേഷനിൽനിന്ന്‌ ട്രെയിനിറങ്ങി വരുന്നവരെ ഈ ഭാ​ഗത്തുവെച്ച് മോഷ്ടാക്കൾ ആക്രമിച്ച് പണം തട്ടിയ സംഭവം നിരവധിയാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!