അയ്യായിരത്തിലേറെ വിധിന്യായങ്ങൾ മലയാളത്തിലാക്കി

കൊച്ചി: കേരള ഹൈക്കോടതിയിലെയും ജില്ല കോടതികളിലെയും അയ്യായിരത്തിലേറെ വിധിന്യായങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ മലയാളത്തിലേക്ക് മൊഴിമാറ്റി. ഇവ കോടതികളുടെ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് ഹൈക്കോടതിയിലെ കമ്പ്യൂട്ടറൈസേഷൻ രജിസ്ട്രാർ ജി. ഗോപകുമാർ അറിയിച്ചു.
മാതൃഭാഷാദിനമായ ഫെബ്രുവരി 21നു ഹൈക്കോടതിയുടെ രണ്ടു വിധിന്യായങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹൈക്കോടതിയുടെ 317 വിധിന്യായങ്ങളും ജില്ല കോടതികളിൽ നിന്നുള്ള 5186 വിധിന്യായങ്ങളുമാണ് ഇതിനകം മലയാളത്തിലാക്കിയത്.
ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ച ശേഷമാണ് വിധിന്യായങ്ങളുടെ മലയാളം പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള എ.ഐ.സി.ടി.ഇ തയ്യാറാക്കിയ ‘അനുവാദിനി” എന്ന എ.ഐ ടൂൾ ഉപയോഗിച്ചാണ് വിധിന്യായങ്ങൾ മൊഴിമാറ്റുന്നത്.
മലയാളത്തിലാക്കുന്ന വിധിന്യായങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മുഖേന വിവിധ സർക്കാർ വകുപ്പുകൾക്കും വ്യവഹാരികൾക്കും ലഭ്യമാക്കും. പ്രാദേശിക ഭാഷയിലേക്ക് വിധിന്യായങ്ങൾ മൊഴി മാറ്റണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണിത്.
പഞ്ചായത്ത് പൊതുതാത്പര്യമല്ല
നോക്കേണ്ടത്: ഹൈക്കോടതി ക്വാറിക്ക് അനുമതി നിഷേധിച്ച ഉത്തരവു റദ്ദാക്കികൊച്ചി: പഞ്ചായത്തുകൾക്ക് നിയമപരമായ അധികാരമേ വിനിയോഗിക്കാനാവൂയെന്നും പൊതുതാത്പര്യങ്ങളുടെ മാെത്തസംരക്ഷകരാകാൻ ഭരണസമിതിക്ക് കഴിയില്ലെന്നും ഹൈക്കോടതി.
നിയമപരമായ എല്ലാ അനുമതികളും നേടിയ പദ്ധതികളെ ഇല്ലാത്ത അധികാരമുപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ തടയരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്വാറിക്ക് നിയമപരമായ ലൈസൻസുകളെല്ലാം ഹാജരാക്കിയിട്ടും കാസർകോട് ബെളാൽ പഞ്ചായത്ത് അനുമതി നൽകാത്തതിനെത്തുടർന്ന് കൊന്നക്കാട് സ്വദേശി സിനോജ് തോമസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം പറഞ്ഞത്.
ചില പഞ്ചായത്തുകൾ ഇല്ലാത്ത അധികാരമുപയോഗിച്ച് വ്യക്തികളെ അനാവശ്യ വ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നു. എന്തുകൊണ്ടാണ് ക്വാറിക്ക് അനുമതി നൽകാത്തതെന്ന് പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. വിദഗ്ദ്ധഅംഗം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് കളക്ടർ അദ്ധ്യക്ഷനായ സമിതി വ്യവസ്ഥകളോടെ പാരിസ്ഥിതികാനുമതി നൽകിയത്. ഇതിനു മുകളിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഒരുമാസത്തിനകം അനുമതി നൽകാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു.