മാലിന്യ സംസ്‌കരണം: റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കും

Share our post

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് മികവ് പുലര്‍ത്തുന്ന റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കും. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

എ.ഡി.എം. കെ. കെ ദിവാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം ഫലപ്രദമാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകളുടെ പൂര്‍ണ പിന്തുണ വേണമെന്ന് എ. ഡി. എം പറഞ്ഞു. മലിനജലം കുടിവെള്ളത്തില്‍ കലരാതിരിക്കാനും മഴക്കാല രോഗങ്ങളെ തടയാനുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ സംസ്‌കരണം, ഹരിതവല്‍ക്കരണം എന്നിവയുടെ അടിസ്ഥാനത്തില്‍ റെസിഡന്‍സ് അസോസിയഷനുകള്‍ക്ക് ജില്ലാ ഭരണകൂടം സ്റ്റാര്‍ പദവി നല്‍കും. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, ജൈവഅജൈവ മാലിന്യങ്ങളെ തരംതിരിക്കുക, ഹരിത കര്‍മ സേനക്ക് യൂസര്‍ ഫീ നല്‍കി മാലിന്യം കൈമാറുക, മാലിന്യ കൂനകള്‍ നീക്കം ചെയ്യുക, സൗന്ദര്യവല്‍ക്കരണം നടത്തുക, നൂതന മാലിന്യ സംസ്‌കരണ മാതൃകകള്‍ നടപ്പാക്കുക തുടങ്ങിയവ മാനദണ്ഡമാക്കിയാണ് സ്റ്റാര്‍ പദവി നല്‍കുക.

റസിഡന്റ്‌സ് അസോസിയേഷനുകളുടെ ജില്ലാ പ്രസിഡണ്ട് ആര്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ മുഖ്യാതിഥിയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി. വി രത്‌നാകരന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍, ഫെറ വനിത വേദി ജില്ലാ പ്രസിഡണ്ട് പങ്കജവല്ലി, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!