ട്രക്കുകളില്‍ എ.സി കാബിന്‍ നിര്‍ബന്ധം, ഡ്രൈവര്‍മാര്‍ ഹാപ്പി; നിയമം അംഗീകരിച്ച് കേന്ദ്രം

Share our post

ട്രക്കുകളില്‍ എ.സി. കാബിനുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. 2025 ജനുവരിമുതല്‍ ഇതു നടപ്പാക്കും. ദീര്‍ഘദൂരയാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണിത്. റോഡ്‌സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും ഗഡ്കരി പറഞ്ഞു.

ട്രക്കുകളില്‍ എ.സി. കാബിനുകള്‍ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞമാസം മന്ത്രി പറഞ്ഞിരുന്നു. പുതിയ വ്യവസ്ഥ വരുന്നതോടെ എ.സി. കാബിനോടെ വേണം വാഹനനിര്‍മാതാക്കള്‍ ട്രക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനെന്നാണ് വിവരം. നിലവില്‍ ലോറിയുടെ ബോഡി നിര്‍മാതാക്കളാണ് കാബിനുകളും നിര്‍മിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്രക്ക് യാത്രയ്ക്ക് പിന്നാലെയാണെന്ന വാദവും സാമൂഹികമാധ്യമങ്ങളിലുയര്‍ന്നിട്ടുണ്ട്.

ഈയിടെ രാഹുല്‍ഗാന്ധി ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര നടത്തി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയും ട്രക്കില്‍ സഞ്ചരിച്ച രാഹുല്‍ ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. കാബിനില്‍ എ.സി. നിര്‍ബന്ധമാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനുപിന്നാലെ, ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനും നന്ദിയറിയിച്ച് രംഗത്തുവന്നു.

രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പാക്കുന്നതെന്നാണ് വിശദീകരണം. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.

ലോറികളില്‍ ഉള്‍പ്പെടെ എ.സി. ക്യാബിനുകള്‍ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഗമനം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!