മറുനാടൻ മലയാളി മാധ്യമ സ്ഥാപനമായി കാണുന്നില്ലെന്ന്‌ ലീഗ്‌; കോൺഗ്രസ്‌ നിലപാട്‌ തള്ളി പി.എം.എ സലാം

Share our post

മലപ്പുറം : മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്‌പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്വേഷിക്കണം. തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

മറുനാടൻമലയാളി പോലുള്ള മാധ്യമങ്ങൾക്ക്‌ പൂർണ സംരക്ഷണമൊരുക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ പറഞ്ഞിരുന്നു. പി. വി. ശ്രീനിജൻ എം.എൽ.എയെ ആക്ഷേപിച്ചും വ്യക്തിഹത്യനടത്തിയും വാർത്ത നൽകിയെന്ന പരാതിയെത്തുടർന്ന്‌ മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു.

കമ്പ്യൂട്ടർ ഉൾപ്പെടെ വ്യാജവാർത്ത നിർമാണത്തിന്‌ ഉപയോഗിച്ചതായി സംശയിക്കുന്ന ഉപകരണങ്ങൾ പൊലീസ്‌ കണ്ടുകെട്ടിയിരുന്നു. ഇതെല്ലാം ‘തോന്നിയവാസം’ ആണ്‌ എന്നാണ്‌ കെപിസിസി പ്രസിഡന്റിന്റെ നിലപാട്‌. ഷാജൻ സ്‌കറിയക്കെതിരായ നടപടി അതിക്രൂരമാണ്‌ എന്നും അദ്ദേഹം പറഞ്ഞു.

പി. വി ശ്രീനിജൻ, പി. വി അൻവർ എന്നീ ജനപ്രതിനിധികളും എം. എ യൂസഫ്‌ അലിയേപ്പോലുള്ള ലോകമറിയുന്ന വ്യവസായികകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ മറുനാടൻമലയാളിയെന്ന ചാനലിന്റെ വ്യാജവാർത്താ സൃഷ്‌ടിക്കെതിരേ നിയമപോരാട്ടത്തിലാണ്‌.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ കുടുംബവും മറുനാടൻ വ്യാജവാർത്ത നൽകി അപമാനിച്ചുവെന്നാരോപിച്ച്‌ മാനനഷ്‌ടക്കേസ്‌ നൽകിയിരിക്കുകയാണ്‌. ഇതിനെയെല്ലാം കണ്ടില്ലെന്ന്‌ നടിച്ചുകൊണ്ടാണ്‌ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള നേതാക്കൾ ‘മറുനാടൻ സംരക്ഷയജ്ഞം’ പ്രഖ്യാപിച്ചിരിക്കുന്നത്‌.

വ്യാജ വാർത്താസൃഷ്‌ടിച്ചുവെന്ന്‌ ബോധ്യപ്പെട്ടതിനാൽ മറുനാടൻ എഡിറ്റർ ഷാജൻസ്‌കറിയയ്‌ക്ക്‌ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടുണ്ട്‌.

ഒളിവിൽപോയ ഷാജനെ എറണാകുളം സിറ്റി പൊലീസ്‌ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരിക്കുകയാണ്‌. ഇയാളെ പിടികൂടുന്നതിനുവേണ്ടിയാണ്‌ പൊലീസ്‌ പരിശോധന നടത്തുന്നത്‌. ഇത്തരം വ്യാജവാർത്തക്കാരെയുൾപ്പെടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ 26ന്‌ പൊലീസ്‌ സ്‌റ്റേഷൻമാർച്ച്‌ നടത്താനാണ്‌ കെ.പി.സി.സി തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!