പൂളക്കുറ്റി കുണ്ടില്ലാചാപ്പാ പാലം അപകടഭീഷണിയിൽ; പുനർനിർമിക്കണമെന്ന ആവശ്യം ശക്തം

പൂളക്കുറ്റി : കുണ്ടില്ലാചാപ്പാ പാലത്തിന്റെ അപകടാവസ്ഥ മറ്റൊരു ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിൽ പൂളക്കുറ്റി നിവാസികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിലാണ് പാലത്തിന് കേടുപാട് സംഭവിച്ചത്. ഇതോടെ പാലത്തിന് ബലക്ഷയമുണ്ടാവുകയും ചെയ്തു. പൂളക്കുറ്റിയെ തുടിയാട് വഴി കൊളക്കാടുമായും മലയാംപടി വഴി എലപ്പീടികമായും മാടശ്ശേരി വഴി 28-ാം മൈലുമായും ബന്ധിപ്പിക്കുന്നതാണ് പാലം. പാലത്തിന്റെ പാർശ്വഭിത്തികൾ ഇടിഞ്ഞിട്ടുണ്ട്. പാലത്തിലെ സംഭക്ഷണഭിത്തിയും തകർന്നു. കമ്പികൾ പുറത്തുവന്നിട്ടുണ്ട്.
സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വീതികുറഞ്ഞ കേടുപാടുകളുള്ള പാലത്തിലൂടെ ഭീതിയോടെയാണ് പ്രദേശവാസികൾ മഴക്കാലം ആരംഭിച്ചതോടെ യാത്ര ചെയ്യുന്നത്. ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പാലം നാളിതുവരെയായിട്ടും ബലപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇനിയൊരു മലവെള്ളപ്പാച്ചിൽ ഉണ്ടായാൽ പാലം പൂർണമായും തകരുമെന്നും നാട്ടുകാർ പറഞ്ഞു. അടിയന്തരമായി പാലം പുനർനിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.