വിരമിച്ച വില്ലേജ് ഓഫീസറിൽനിന്ന് കൈക്കൂലി; വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ

വിരമിച്ച വില്ലേജ് ഓഫിസറിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഉമാനുജനാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
വലിയതുറ സ്വദേശിയും മുൻ വില്ലേജ് ഓഫിസറുമായ പരാതിക്കാരന് വായ്പയെടുക്കുന്നതിന് ലൊക്കേഷൻ സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേര് എന്നിവ ലഭിക്കാൻ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. പലതവണ ഓഫിസിൽ ചെന്നിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല. വെള്ളിയാഴ്ച ഓഫിസിൽ ചെന്ന പരാതിക്കാരനോട് ഉമാനുജൻ 1000 രൂപ നൽകാമെങ്കിൽ പരിശോധനക്ക് ചെല്ലാമെന്ന് പറഞ്ഞു. പരാതിക്കാരൻ വിവരം വിജിലൻസ് തിരുവനന്തപുരം യൂനിറ്റ് ഡി.വൈ.എസ്.പി വിനോദ് കുമാറിനെ അറിയിച്ചു. വൈകുന്നേരം പരാതിക്കാരന്റെ വീട്ടിൽ വെച്ച് 1000 രൂപ വാങ്ങവേ വിജിലൻസ് സംഘം പിടികൂടി.