തോരാതെ മഴക്കലി; ജില്ലയിൽ ഒട്ടേറെ വീടുകൾ ഭാഗികമായി തകർന്നു

കണ്ണൂർ : ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ദേശീയപാത സർവീസ് റോഡുകൾ പലതും വെള്ളത്തിനടിയിലാണ്. തിരമാലകൾക്കു ശക്തിയേറിയതിനാൽ തീരദേശത്തുള്ളവർ ആശങ്കയിലാണ്. റോഡുകളിലും വെള്ളക്കെട്ടുണ്ട്. കനത്ത മഴയിൽ ജില്ലയിൽ ഒട്ടേറെ വീടുകൾ ഭാഗികമായി തകർന്നു.
∙ കൂത്തുപറമ്പ് നരവൂർ നൂഞ്ചമ്പായിലെ ചന്ദ്രന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.
∙ ന്യൂമാഹി കുറിച്ചിയിൽ ചവോക്കുന്നിലെ എം.എൻ ഹൗസിൽ പുഷ്പ രാജന്റെ വീട്ടുമതിൽ ഇടിഞ്ഞു. വീട് അപകടാവസ്ഥയിലാണ്.
∙ കുറിച്ചിയിൽ കിടാരൻകുന്ന് ആയിക്കാൻ പറമ്പത്ത് റാബിയുടെ വീട്ടുമതിൽ ഇടിഞ്ഞു.
∙ കോടിയേരി വില്ലേജിലെ പഴയ പോസ്റ്റ് ഓഫിസ് പരിസരത്തെ പുലുണ്ട വീട്ടിൽ അജിത് ലാലിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു.
∙ മുണ്ടേരി പഞ്ചായത്ത് മൂന്നാം വാർഡിലെ മനോജ്, മഹേഷ്, മനൂപ് എന്നിവർ താമസിക്കുന്ന വീടിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു.
∙ മുണ്ടേരി പഞ്ചായത്ത് മൂന്നാം വാർഡിലെ അസ്മയുടെ വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു.
∙ കിഴുത്തള്ളി വായനാശാലയ്ക്കു സമീപം എൻ.പ്രദീപന്റെ വീട്ടുകിണർ മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലായി.
∙ രാമന്തളി കല്ലേറ്റുംകടവിലെ കെ.വി.സുരേന്ദ്രന്റെ വീടും തൊഴുത്തും ഭാഗികമായി തകർന്നു. ഓണപ്പറമ്പിലെ മനോഹരന്റെ വീടിന്റെ മേൽക്കൂര കാറ്റിലും മഴയിലും തകർന്നു. പുഴയോരം ഇടിഞ്ഞ് പാമ്പുരുത്തി ദ്വീപിൽ പാമ്പുരുത്തി പാലത്തിനോടു ചേർന്ന പ്രദേശത്തു താമസിക്കുന്ന എം.പി.കദീജയുടെ വീട് അപടകടാവസ്ഥയിലായി.
∙ പരിയാരം വില്ലേജ് മുക്കുന്ന് ഇഒ നഗറിൽ ചാലിൽ മഹമൂദിന്റെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. വലിയന്നൂർ വില്ലേജിൽ മുഹമ്മദ് ഷെരീഫിന്റെ വീടിന്റെ മതിൽ തകർന്നു വീണു. വീട് അപകടാവസ്ഥയിലാണ്
∙ കണ്ണൂർ തിലാശി സ്ട്രീറ്റിൽ വെസ്റ്റ്‌ബേ അപ്പാർട്മെന്റിനു സമീപത്തെ പി.എം.താഹിറയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്നുവീണ് സമീപത്തെ മുഹമ്മദ് നിസാറിന്റെ വീടും സെപ്റ്റിക് ടാങ്കും ഭാഗികമായി തകർന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ താമസക്കാർ മാറി.
∙ മണ്ണിടിഞ്ഞ് വീണ് കണ്ണവം ഇടുമ്പയിലെ നുസൈബ മൻസിൽ ഇസ്മയിലിന്റെയും ദാറുൽ ഇഷ്‌ക്കിൽ പാത്തുമ്മയുടെയും വീടിനു നാശനഷ്ടം സംഭവിച്ചു.
∙ ബുധനാഴ്ച രാവിലെ ധർമടം വെള്ളൊഴുക്കിലെ സഹീർ റഹ്മാന്റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ എം.പി.ഗംഗാധരന്റെ വീടിനു ഭാഗികമായി കേടുപാട് സംഭവിച്ചു.
∙ ചൊവ്വാഴ്ച കടമ്പൂർ പഞ്ചായത്ത് 11-ാം വാർഡിലെ എം.സി.രോഹിണിയുടെ വീടിനു മുകളിൽ മരം വീണു.
∙ സംസ്ഥാന പാതയിൽ ഇരിക്കൂർ ജുമാമസ്ജിദിനു സമീപം ആൾത്താമസമില്ലാത്ത വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
ടൂറിസം കേന്ദ്രങ്ങളായ പാലക്കയംതട്ട്, ഏഴരക്കുണ്ട്, ധർമടം ബീച്ച്, ചാൽ ബീച്ച്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിൽ നാളെവരെ പ്രവേശനം ഉണ്ടാകില്ലെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
പരുക്കേറ്റു
∙ മതിൽ ഇടിഞ്ഞു വീണ് പന്ന്യന്നൂർ നെല്ലുള്ളതിൽ ലക്ഷം വീട് കോളനിയിലെ ബാലകൃഷ്ണന്റെ കാലിനു പരുക്കേറ്റു.
∙ ചൊവ്വാഴ്ച സ്‌കൂൾ വിട്ടു പോകുന്നതിനിടെ മതിലിടിഞ്ഞു വീണ് കണ്ണവം വട്ടോളിയിലെ തപസ്യ വീട്ടിൽ സജീവന്റെ മകൻ ദേവനന്ദിന്റെ കാലിനു പരുക്കേറ്റു.
വൈദ്യുതി ലൈൻ
∙ അഴീക്കോട് കൊട്ടാരത്തുംപാറ റോഡിൽ മരം വീണു. വൈദ്യുതി ലൈനുകൾ തകർന്നു.
∙ ചെമ്പല്ലിക്കുണ്ട് കൊവ്വപ്പുറം റോഡിൽ വൈദ്യുതി ലൈനിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.