എ.ഐ ക്യാമറയെ വെട്ടിക്കാന്‍ നമ്പര്‍ മറച്ച് എത്തിയത് എം.വി.ഡി.യുടെ മുന്നില്‍; സ്‌പോട്ടില്‍ കിട്ടി പണി

Share our post

കാക്കനാട്: നിയമലംഘനങ്ങള്‍ എ.ഐ. ക്യാമറയുടെ കണ്ണില്‍ പെടാതിരിക്കാന്‍ തന്റെ ബുള്ളറ്റിന്റെ രണ്ടു നമ്പര്‍പ്ലേറ്റും സ്റ്റിക്കറൊട്ടിച്ച് മറച്ച് യുവാവിന്റെ ഓവര്‍ സ്മാര്‍ട്ട്നെസ്. എന്നാല്‍ ഒട്ടിച്ച സ്റ്റിക്കറുമായി ‘ചെന്നു ചാടിക്കൊടുത്തത്’ കളക്ടറേറ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍. സ്പോട്ടില്‍ ഉദ്യോഗസ്ഥര്‍ യുവാവിന് പണി കൊടുത്തു. 15,250 രൂപ പിഴയാണ് ഉദ്യോഗസ്ഥര്‍ ചുമത്തിയത്.

പെരുമ്പാവൂര്‍ സൗത്ത് വാഴക്കുളം സ്വദേശിയായ യുവാവാണ് കുടുങ്ങിയത്. സിവില്‍ സ്റ്റേഷനിലെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ മറ്റൊരു വിഷയത്തില്‍ പിഴയടക്കാനെത്തിയതായിരുന്നു യുവാവ്.

കളക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിനടുത്ത് ബുള്ളറ്റ് വെച്ച് ഇയാള്‍ അകത്തേക്ക് പോയി. ഇതേ സമയം മോട്ടോര്‍ വാഹന വകുപ്പിന്റെ പതിവ് ബോധവത്കരണ ക്ലാസ് കഴിഞ്ഞ് എറണാകുളം ആര്‍.ടി. ഓഫീസിലേക്ക് മടങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ഡൊമിനിക്, അസി. ഇന്‍സ്പെക്ടര്‍മാരായ മനോജ്, സഗീര്‍ എന്നിവരുടെ ശ്രദ്ധയില്‍ ബുള്ളറ്റിന്റെ നമ്പര്‍പ്ലേറ്റ് പെട്ടത്.

മുന്നിലും പിന്നിലും നമ്പര്‍ കാണേണ്ടിടത്ത് സ്റ്റിക്കര്‍ ഒട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റിക്കര്‍ ഇളക്കിമാറ്റി, നമ്പര്‍ കണ്ടെത്തുകയും ഇതുവഴി ഉടമസ്ഥനെ ബന്ധപ്പെടുകയും ചെയ്തു.

യുവാവിന്റെ പിതാവിന്റെ പേരിലായിരുന്നു വാഹനം. ഇയാള്‍ മൊബൈല്‍ നമ്പര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടറേറ്റിലുണ്ടായിരുന്ന യുവാവിനെ ഉദ്യോഗസ്ഥര്‍ അടുത്തേക്ക് വിളിച്ചുവരുത്തി. ഇയാളോട് കാരണമന്വേഷിച്ചപ്പോഴാണ് എ.ഐ. ക്യാമറയുടെ കണ്ണുവെട്ടിക്കാനാണ് സ്റ്റിക്കറെന്ന് യുവാവ് മറുപടി നല്‍കിയത്.

ഇതുകൂടാതെ കണ്ണാടിയില്ലാത്തതും സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയതുമുള്‍പ്പടെ നിയമലംഘനങ്ങളും ബുള്ളറ്റിലുണ്ടായിരുന്നു. എല്ലാത്തിനുമായി 15,250 രൂപയോളം പിഴ ചുമത്തിയത്. യുവാവ് പിഴയടച്ചെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ മറ്റു നിയമലംഘനങ്ങള്‍ പരിഹരിച്ച് ബുള്ളറ്റ് ഹാജരാക്കാന്‍ ആര്‍.ടി.ഒ. നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ ആര്‍.സി. റദ്ദാക്കുമെന്ന മുന്നറിയിപ്പും യുവാവിന് നല്‍കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!