പയ്യന്നൂര്‍ കോളേജില്‍ ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തനം തുടങ്ങി

Share our post

കണ്ണൂർ : ശുചിത്വ സമൃദ്ധവും ഹരിതവുമായ ക്യാമ്പസ് ലക്ഷ്യമിട്ടുള്ള കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഗ്രീന്‍ ബ്രിഗേഡുകളുടെ പ്രവര്‍ത്തനം പയ്യന്നൂര്‍ കോളേജില്‍ തുടങ്ങി. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് എന്നിവ ഉള്‍പ്പെട്ട മാലിന്യ മുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പയ്യന്നൂര്‍ കോളേജിന്റെ നേതൃത്വത്തില്‍ ഗ്രീന്‍ ബ്രിഗേഡ് രൂപീകരിച്ചത്. ക്യാമ്പസിലെ പരിസ്ഥിതി-ഹരിത-ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രീന്‍ ബ്രിഗേഡ് നേതൃത്വം നല്‍കും. ഇതുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍, മിഷനുകള്‍, സന്നദ്ധ സംഘടനകള്‍, സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

കോളേജ് പ്രിന്‍സിപ്പല്‍ എം.വി. സന്തോഷ് അധ്യക്ഷനായി. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രാര്‍ത്ഥന ബ്രിഗേഡ് ലോഗോ പ്രകാശനം ചെയ്തു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍ അഫിലിയേഷന്‍ ഫോറം ബ്രിഗേഡ് ടീമിന് കൈമാറി. ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.ആര്‍. സ്വരന്‍, പി.ടി.എ സെക്രട്ടറി ഡോ. പി.വി. ശുഭ, എന്‍.സി.സി ഓഫീസര്‍ ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, പി. അരുള്‍ (ഹരിത കേരളം മിഷന്‍), ഡോ. ടി.വി. സുരേഖ, ഗ്രീന്‍ ബ്രിഗേഡ് ക്യാപ്റ്റന്‍ രോഹിത് എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!