പദ്‌മനാഭസ്വാമിയെ തൊഴുത ശേഷം മോഷണം നടത്തുന്ന ആന്ധ്രാകള്ളൻ പിടിയിൽ, വരുന്നത് വിമാനത്തിൽ

Share our post

തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി മോഷണങ്ങൾ നടത്തിയ പറക്കും കള്ളൻ പിടിയിൽ. വിമാനത്തിലെത്തി മോഷണം നടത്തി മടങ്ങുന്ന തെലങ്കാന സ്വദേശി ഉമാപ്രസാദിനെ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ നേരത്തെ പൊലീസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ‌്‌തിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഓട്ടോറിക്ഷയിൽ നഗരത്തിൽ കറങ്ങി മോഷണം നടത്തേണ്ട വീടുകൾ കണ്ടുപിടിക്കുകയാണ് ഉമാപ്രസാദിന്റെ രീതിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. ഇത്തരത്തിൽ പൂട്ടിയിട്ട വീടുകൾ കണ്ടെത്തി ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തും. തുടർന്ന് രാത്രിയിലാണ് മോഷണം നടത്തുക.

കൈയിൽ കരുതാറുള്ള ടൂൾസ് ഉപയോഗിച്ച് പ്രധാന വാതിലിന്റെയോ ജനാലയുടെയോ കമ്പി തകർത്ത് മോഷണം നടത്തുന്നതാണ് രീതി.ആന്ധ്രയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തി കഴിഞ്ഞാൽ പദ്‌മനാഭസ്വാമി ക്ഷേത്രദർശനമാണ് ആദ്യം ഉമാപ്രസാദ് നടത്തുക. തുടർന്ന് ജൂൺ മാസക്കാലം മുഴുവൻ മോഷണത്തിനുള്ള പദ്ധതികൾ തയ്യാറാക്കും.

സ്വർണാഭരണങ്ങളാണ് ഇയാൾ ലക്ഷ്യം വയ‌്ക്കുന്നത്. മോഷണമുതൽ സ്വർണപ്പണയം സ്വീകരിക്കുന്നയിടങ്ങളിൽ കൊടുത്ത് കാശാക്കുന്നതാണ് ഉമാപ്രസാദിന്റെ രീതിയെന്നും കമ്മിഷണർ വ്യക്തമാക്കി.ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലാക്കാരനായ ഉമാപ്രസാദിനെ കുടുക്കിയത് ഒരു ഓട്ടോറിക്ഷാക്കാരന്റെ മൊഴിയാണ്. കൂടുതൽ മോഷണ വിവരങ്ങൾ ഇയാളെ ചോദ്യം ചെയ‌്‌തതിന് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!