കൊട്ടിയൂർ: അൻപത് മീറ്റർ അപ്പുറമുള്ള ടൗണിൽ എത്താൻ രണ്ട് കിലോമീറ്റർ ചുറ്റി വളഞ്ഞ് നടക്കേണ്ട അവസ്ഥയിലാണ് കൊട്ടിയൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 600ൽ അധികം കുടുംബങ്ങൾ. ഇവർക്ക് മഴക്കാലത്ത് ബാവലി പുഴ കടക്കാൻ രണ്ട് തെങ്ങിൻ തടികൾ കൊണ്ട് ഉണ്ടാക്കി കൊടുത്ത നടപ്പാലം ഒറ്റ മഴ പെയ്തപ്പോൾ തന്നെ ഒലിച്ചു പോകുകയും ചെയ്തു.
ഇനി പാലുകാച്ചി, ഒറ്റപ്ലാവ് മേഖലകളിൽ നിന്ന് കൊട്ടിയൂർ ടൗണിൽ എത്തണമെങ്കിൽ വളഞ്ഞു ചുറ്റേണ്ട അവസ്ഥയാണ്. നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ചു നീക്കിയ ശേഷമാണ് നീണ്ടുനോക്കി പാലത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയത്.
നാല് മാസം കൊണ്ട് പാലത്തിന്റെ സ്ലാബുകൾ വരെയുള്ള പണികൾ പൂർത്തിയാക്കും എന്നായിരുന്നു അവകാശവാദം. അതിനാൽ തന്നെ ബദൽ നടപ്പാലത്തെ കുറിച്ച് നാട്ടുകാർ ആകുലപ്പെട്ടില്ല. എന്നാൽ സംരക്ഷണ ഭിത്തി ഭാഗികമായും ഒരു തൂണും മാത്രം നിർമിച്ച് പാലത്തിന്റെ പണികൾ താൽക്കാലികമായി അവസാനിപ്പിച്ചതോടെ നാട്ടുകാർ കുടുങ്ങി.
വേനൽക്കാലത്ത് നീർച്ചാൽ മാത്രമായിരുന്ന ബാവലി പുഴയിൽ ഇന്നലെ മുതൽ മലവെള്ളം പായാൻ തുടങ്ങി. അൻപത് മീറ്ററിൽ അധികം വിസ്താരമുള്ള പുഴയുടെ നടുവിൽ വെറും അഞ്ച് മീറ്റർ പോലും നീളമില്ലാത്ത നടപ്പാലമാണ് ഒരു മഴക്കാലത്തെ നേരിടാൻ വേണ്ടി കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേർന്ന് നാട്ടുകാർക്ക് സമ്മാനിച്ചത്.
കൊട്ടിയൂർ സമാന്തര പാതയെയും ടൗണിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് ബാവലി പുഴയിൽ പാലം നിർമിക്കുന്നത്.പാലുകാച്ചി, പന്നിയാംമല, ഒറ്റപ്ലാവ് പ്രദേശങ്ങളിൽ നിന്ന് കൊട്ടിയൂർ ടൗണുമായി ബന്ധപ്പെടാനുള്ള എളുപ്പ മാർഗമാണ് നീണ്ടു നോക്കി പാലം.
മുൻപ് ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന പാലമാണ് ഉണ്ടായിരുന്നത്. റോഡ് വികസനത്തിന്റെയും പാലുകാച്ചി ടൂറിസം വികസനത്തിന്റെയും സാധ്യതകൾ പരിഗണിച്ചാണ് 6.4 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുന്നത്.
പഴയ പാലം പൊളിച്ചതിനാൽ പാമ്പറപ്പാൻ ചുറ്റിയോ അതല്ലങ്കിൽ തലക്കാണി പാലം കടന്നോ കൊട്ടിയൂർ ടൗണിൽ എത്തേണ്ട സ്ഥിതിയായി. മല മേഖലയിൽ ഉള്ളവർ സാധാരണ നടന്നാണ് ടൗണിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇനി ടൗണിൽ എത്തണമെങ്കിൽ രണ്ട് കിലോമീറ്ററോളം അധികം നടക്കണം. അല്ലെങ്കിൽ അത്രയും ദൂരം വലിയ കൂലി നൽകി ഓട്ടോറിക്ഷയെ ആശ്രയിക്കണം. അതിനാൽത്തന്നെ രണ്ട് ദിവസമായി ടൗണിലേക്ക് ജനങ്ങൾ എത്തുന്നില്ല. ഇത് വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുകയാണ്.
കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്ത് ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിനായി പാലത്തിന്റെ സ്ലാബ് നിർമാണം വരെയുള്ള പണികൾ പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ വർഷം കൊട്ടിയൂർ ഉത്സവ കാലത്ത് 15 ദിവസത്തോളം ഗതാഗതക്കുരുക്ക് ഉണ്ടായി. മുൻപ് രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമാണ് കുരുക്ക് രൂപപ്പെട്ടിരുന്നത്. അത്തരം അവസരങ്ങളിൽ ചെറു വാഹനങ്ങളെ സമാന്തര പാതയിലേക്ക് തിരിച്ചു വിട്ടിരുന്നത് നീണ്ടുനോക്കി പാലത്തിലൂടെ ആയിരുന്നു.