സഞ്ചരിക്കുന്ന ചാണകസംസ്കരണയൂണിറ്റ് ; കൃഷിയിടം ഹിറ്റാക്കും ജൈവ മാനന്തേരി

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ജൈവ മാനന്തേരിയെന്ന സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ് കർഷകർക്കിടയിൽ ഹിറ്റാണിപ്പോൾ. ക്ഷീരകർഷകർക്ക് മികച്ച വരുമാനവും മറ്റ് കർഷകർക്ക് ഏറെ ഗുണപ്രദമായ വളവും ലഭ്യമാക്കുന്നതിനാൽ ദിനംപ്രതി പിന്തുണയേറുകയാണ് ഈ പദ്ധതിക്ക്.
മൃഗസംരക്ഷണ വകുപ്പ് മോഡൽ പഞ്ചായത്തിൽ ഉൾപ്പെടുത്തിയാണ്ക്ഷീരകാർഷിക രംഗത്ത് ശ്രദ്ധേയമായ ഈ പദ്ധതിയുടെ തുടക്കം. മാനന്തേരി ക്ഷീരോൽപാദക സഹകരണ സംഘം ആറ് മാസം മുമ്പ് ആരംഭിച്ച ഈ പദ്ധതി കണ്ണൂരിൽ ആദ്യത്തേതാണ്.സംസ്ഥാനത്തെ മൂന്നാമത്തെ യൂണിറ്റും.ചാണകം വീട്ടിലെത്തി ശേഖരിക്കുന്നത് ക്ഷീര കർഷകർക്ക് വലിയ സഹായമാണ് .
ഒറ്റ ഫോൺകാളിൽ വീട്ടിലെത്തി കുഴിയിൽ നിന്നടക്കം യന്ത്രം വഴി ചാണകം വലിച്ചെടുക്കും. ജലാംശം 20 ശതമാനമാക്കി കുറച്ച് ചാണകപ്പൊടിയായി പുറന്തള്ളും. ചാണകം കെട്ടിക്കിടക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും. ഗുണനിലവാരമുള്ള ചാണകപ്പൊടിയും സെറിയും കർഷകർക്ക് ഇവർ നൽകും.
ഇങ്ങനെ ലഭിക്കുന്ന ചാണകപൊടി ക്ഷീരകർഷകർക്ക് എടുക്കുകയോ സംസ്കരണയൂണിറ്റിന് തന്നെ നൽകുകയോ ചെയ്യാം. ചാണകം ഉണക്കാൻ സ്ഥലപരിമിതിയുള്ളവർക്കും ജൈവ മാനന്തേരിയുടെ പുതിയ സംവിധാനം സഹായകരമാണ്.ജൈവകൃഷി പൊളിക്കാം സംസ്കരിച്ച ചാണകത്തിൽ കാർബൺ ,നൈട്രജൻ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് വളരെ കൂടുതലാണ്.
ഇത് ജൈവ കൃഷിക്ക് ഫലപ്രദമായി ഉപയോഗിക്കാം. സംസ്കരിച്ച ചാണകത്തിന്റെ രണ്ട്, അഞ്ച് കിലോ പാക്കറ്റുകൾ കടകൾ വഴി വിറ്റഴിക്കുന്നുണ്ട്. കുട്ടയൊന്നിന് 25 മുതൽ 30 രൂപ വരെയാണ് ഈടാക്കുന്നത്. മാനന്തേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആർ.ബാബുവിന് തന്നെയാണ് സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റിന്റെ മേൽനോട്ട ചുമതല. കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തും തങ്ങളുടെ സേവനം ലഭ്യമാണെന്ന് ഇവർ പറയുന്നു. ഫോൺ: 9446667674.