വീട്ടാവുന്നതിനെക്കാള്‍ അധികം കടം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന് നിയന്ത്രണം

Share our post

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ശമ്പള വിതരണ ഓഫീസർമാർക്ക് ധനവകുപ്പിന്റെ നിർദേശം.

ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കിൽ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയിൽ കിട്ടുന്ന ശമ്പളത്തെക്കാൾ (നെറ്റ് സാലറി) കൂടുതലാണെങ്കിൽ തുടർന്നും വായ്പയ്ക്കോ ചിട്ടിപിടിക്കുന്നതിനോ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. ശമ്പളത്തിൽനിന്ന് റിക്കവറി ഉള്ളവർക്കും റിക്കവറി തത്കാലം നിർത്തിവെക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നേടിയവർക്കും വീണ്ടും സർട്ടിഫിക്കറ്റ് നൽകില്ല. മുൻകാല ശമ്പള സർട്ടിഫിക്കറ്റുകളിൽ തിരിച്ചടവ് നെറ്റ് സാലറിയെക്കാൾ കൂടിയാൽ വീണ്ടും അയാൾക്ക് സർട്ടിഫിക്കറ്റിന് അർഹതയില്ല.

വായ്പയുടെയോ ചിട്ടിയുടെയോ തിരിച്ചടവ് കാലാവധി സർവീസ് കാലത്തെക്കാൾ കൂടിയാലും സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. കരാർ ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകില്ല. എന്നാൽ ശമ്പളത്തിന്റെ ജാമ്യത്തിന്മേൽ അല്ലാത്ത വായ്പ എടുക്കാൻ തൊഴിൽ സർട്ടിഫിക്കറ്റ് അനുവദിക്കും.

പാപ്പരായാൽ പിരിച്ചുവിടണം

കടം തിരിച്ചടയ്ക്കാനാവാതെ പാപ്പരാവുകയും തുടർന്ന് ശമ്പളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പിരിച്ചുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്ഥിരമായി കടക്കാരാവുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!