നാടെങ്ങും പ്രിയമാണ് പ്രിയയുടെ പാളപ്പാത്രം

ശ്രീകണ്ഠപുരം : കവുങ്ങിൻ പാളകൊണ്ടുള്ള വണ്ടി എല്ലാവർക്കും കുട്ടിക്കാലത്തിന്റെ കളിയോർമയാണ്. ആ കാലം കഴിഞ്ഞാൽ വീട്ടുവളപ്പിൽ വെറുതെ കിടക്കുന്ന പാളയിൽ കൊതുക് വളരുകയോ നശിക്കുകയോയാണ് പതിവ്. എന്നാൽ ഇവ പെറുക്കി പാടിയോട്ടുചാൽ വയക്കരയിലെ ‘ശിവപ്രസാദ’ത്തിൽ എത്തിച്ചാൽ മതി. നല്ല ഒന്നാന്തരം പാളപ്പാത്രം റെഡിയാക്കാനുള്ള സംരംഭവുമായി പ്രിയ പ്രകാശൻ അവിടെയുണ്ട്.
വീടിന് പുറകിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് പാത്രം നിർമിക്കുന്നത്. ഉപയോഗംകഴിഞ്ഞ പാത്രങ്ങൾ പ്രകൃതിക്ക് ദോഷം ചെയ്യാത്തതിനാൽ ആവശ്യക്കാരേറെയാണ്. വിവാഹം, ഉത്സവം തുടങ്ങി കൂടുതൽ പേർക്ക് ഭക്ഷണം വിളമ്പുന്ന ആഘോഷങ്ങളിലെല്ലാം പാള പ്ലേറ്റ് താരമാണ്.
പ്രിയയുടെ ഭർത്താവ് പ്രകാശനും സുഹൃത്തുക്കളായ അർച്ചനയും പ്രസീതയും പാത്രംനിർമാണത്തിന് കൂടെയുണ്ട്. ദിവസം ആയിരത്തോളം പാത്രങ്ങൾവരെ ഉണ്ടാക്കുന്നുണ്ട്. ആവശ്യം കൂടിയതോടെ പാള ലഭിക്കാത്ത അവസ്ഥയുണ്ടായി. മംഗളൂരുവിൽനിന്നാണ് ഇപ്പോൾ പാള കൊണ്ടുവരുന്നത്. ഒറ്റത്തവണ ഉപയോഗിക്കാൻ പറ്റുന്ന പാത്രങ്ങളാണിവ. മൂന്ന് വ്യത്യസ്ത വലിപ്പത്തിൽ ലഭ്യമാണ്. 3.5 രൂപ, 2 രൂപ, 1.5 രൂപ എന്നിങ്ങനെയാണ് വില. യൂട്യൂബിൽ കണ്ടാണ് പാളപ്പാത്രം എന്ന ആശയം മനസ്സിലുദിച്ചത്.
കുടുംബാംഗങ്ങൾ ഒപ്പംനിന്നതോടെ ആ ആശയം ഒരു കൊച്ചു സംരംഭമായി വളർന്നു. പഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രിയയും പ്രകാശനും പറയുന്നു.