കേരള ലോട്ടറി; ഏജന്റുമാർ നൽകുന്ന സമ്മാനത്തുകകൾക്ക്‌ നികുതിയില്ല

Share our post

തിരുവനന്തപുരം : സംസ്ഥാന ലോട്ടറിയിൽ ചെറുസമ്മാനങ്ങൾ ലഭിച്ചവർക്ക്‌ ഏജന്റുമാർ നൽകുന്ന തുക ലോട്ടറി ഓഫീസിൽനിന്ന്‌ മടക്കിവാങ്ങുമ്പോൾ ആദായ നികുതി ഈടാക്കില്ല. ഇത്‌ വ്യക്തമാക്കി മേയിൽത്തന്നെ ലോട്ടറിവകുപ്പ്‌ സർക്കുലർ ഇറക്കിയിരുന്നു. ലോട്ടറി സമ്മാനങ്ങളിലൂടെ വ്യക്തിക്ക്‌ സാമ്പത്തിക വർഷത്തിൽ 10,000 രൂപയിൽ കൂടുതൽ ലഭിക്കുകയാണെങ്കിൽ ആകെ സമ്മാനത്തുകയുടെ 30 ശതമാനം ആദായ നികുതി ഈടാക്കണമെന്ന ആദായ നികുതി ഭേദഗതി നിയമം കേന്ദ്ര സർക്കാരാണ്‌ നടപ്പാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തെ രജിസ്‌റ്റേഡ്‌ ഏജന്റുമാർക്ക്‌ ഈ വ്യവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുമെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ലെന്നാണ്‌ വിലയിരുത്തൽ .

സമ്മാനാർഹരിൽനിന്ന്‌ ടിക്കറ്റ്‌ വാങ്ങി തുക നൽകിയശേഷം, ജില്ല, സബ്‌ ലോട്ടറി ഓഫീസുവഴി അത്‌ മാറിയെടുക്കുന്നതാണ്‌ കേരള ലോട്ടറിയിലെ നിലവിലെ രീതി. 2005ലെ കേരള പേപ്പർ ലോട്ടറി (റഗുലേഷൻ) ചട്ടങ്ങളിലെ ചട്ടം ഒമ്പത്‌ (അഞ്ച്‌) പ്രകാരം ഇത്‌ നിയമപരമായ സാധുത ഉറപ്പാക്കിയിട്ടുണ്ട്‌. കേരള ലോട്ടറി നൽകിയ അപ്പീൽ അംഗീകരിച്ച ആദായ നികുതിവകുപ്പിന്റെ അപ്പലറ്റ്‌ അതോറിറ്റിയായ നാഷണൽ ഫെയ്‌സ്‌ലെസ്‌ അപ്പലറ്റ്‌ സെന്റർ, ടിക്കറ്റ്‌ ഉടമകൾക്ക്‌ സമ്മാനം നൽകിയ തുക ഏജന്റുമാർക്ക്‌ മടക്കി നൽകുമ്പോൾ, അവരിൽനിന്ന്‌ നികുതി ഈടാക്കാനാകില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാൽ, വിൽക്കാത്ത ടിക്കറ്റുകൾക്ക്‌ ഏജന്റുമാർക്ക്‌ ലഭിക്കുന്ന സമ്മാനത്തുക സാമ്പത്തിക വർഷം 10,000 രൂപ കവിഞ്ഞാൽ, വ്യക്തിക്ക്‌ ലഭിക്കുന്ന സമ്മാനമെന്നനിലയിൽ നികുതി പിരിക്കണമെന്നത്‌ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ്‌. ഏജന്റുമാർ സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കുമ്പോൾ പ്രത്യേക വൗച്ചറും രസീതും ഉറപ്പാക്കി തരംതിരിച്ച്‌ നൽകണമെന്നും ലോട്ടറിവകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!