തദ്ദേശ സ്വയം ഭരണ വകുപ്പിൽ മൂന്ന് വര്‍ഷം ഒരേ ഓഫീസില്‍ പൂര്‍ത്തിയാക്കിയ എല്ലാവരെയും മാറ്റി

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. അപേക്ഷ മുതല്‍ സ്ഥലം മാറ്റ ഉത്തരവ് വരെ പൂര്‍ണമായും ഓണ്‍ലൈനില്‍ പൂര്‍ത്തീകരിച്ച ആദ്യ സ്ഥലംമാറ്റ നടപടിയാണിത്.
മൂന്ന് വര്‍ഷം ഒരു ഓഫീസില്‍ പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ 31451 ജീവനക്കാരുടെയും എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ശേഖരിച്ച് കുറ്റമറ്റ നിലയിലാണ് പ്രക്രീയ നടന്നത്.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമായി ആകെ 13279 പേരാണ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്. ഇതില്‍ സംസ്ഥാനതല സ്ഥലംമാറ്റത്തിന് അപേക്ഷിച്ച 7875 പേരില്‍ അര്‍ഹരായ 6316 പേർക്ക് (80.2%) മാറ്റം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജില്ലാ തല സ്ഥലം മാറ്റങ്ങളുടെ നടപടികൾ പുരോഗതിയിലാണ്, ഈ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
ഇത്രയും വിപുലമായ സ്ഥലംമാറ്റ നടപടിയും ചരിത്രത്തില്‍ ആദ്യമാണ്. ഒരു ഓഫീസില്‍ മൂന്ന് വര്‍ഷമായ ജീവനക്കാരെ നിര്‍ബന്ധമായും, അല്ലാത്തവരെ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലംമാറ്റത്തിന് പരിഗണിച്ചത്