ശക്തമായ കാറ്റിൽ സ്കൂൾ ഗ്രൗണ്ടിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

Share our post

കൊച്ചി: സ്കൂൾ ഗ്രൗണ്ടിലെ മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൊച്ചി സെന്റ് ആൽബർട്ട് സ്കൂളിലാണ് അപകടമുണ്ടായത്. തലയോട്ടിയ്ക്ക് പരിക്കേറ്റ ബോൾഗാട്ടി തേലക്കാട്ടുപറമ്പിൽ സിജുവിന്റെ മകൻ അലനെ(10) സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി തുടരുന്നത്.

വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. കുട്ടികൾ സ്കൂൾ വിട്ട് വരുന്ന സമയം വീശിയ ശക്തമായ കാറ്റിൽ മരത്തിന്റെ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയുടെ തുടർചികിത്സയെക്കുറിച്ചുള്ള വിവരങ്ങളിൽ ഇന്ന് തീരുമാനമുണ്ടാകും എന്നാണ് വിവരം.

കാസർകോട് മരം കടപുഴകി വീണ് ആറാം ക്ളാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് വീണ്ടും അപകടമുണ്ടായത്. അംഗടിമുഗൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. ആയിഷത്ത് മിൻഹയ്ക്കൊപ്പം ഉണ്ടായിരുന്ന രിഫാന എന്ന കുട്ടിക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

യൂസഫ് – ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. കുട്ടികൾ സ്കൂൾ വിട്ട് പടിയിറങ്ങി വരുമ്പോൾ കോമ്പൗണ്ടിൽ നിന്ന മരം കടപുഴകി വീഴുകയായിരുന്നു,​ ആയിഷത്ത് മിൻഹയും രിഫാനയും മഴയത്ത് കുട പിടിച്ചുകൊണ്ട് വരികയായിരുന്നു. ആയിഷത്തിന്റെ മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!