കോളയാട് പെരുവയിൽ കാട്ടുപോത്തിന് പിറകെ കാട്ടാനയും ജനവാസ മേഖലയിലേക്ക്

കണ്ണവം : കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന ജനവാസമേഖലയിലേക്ക് കാട്ടുപോത്തിന് പിറകെ കാട്ടാനയുമെത്തി. കഴിഞ്ഞദിവസം കോളയാട് പഞ്ചായത്തിലെ പെരുവ, കടൽക്കണ്ടം, ആക്കംമൂല പ്രദേശങ്ങളിലാണ് കാട്ടാനയെ കണ്ടത്. ജനവാസമേഖലയിലെത്തിയ കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും വനപ്രദേശത്തേക്ക് തിരിച്ചയച്ചു.
കണ്ണവം വനമേഖലയിൽനിന്ന് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാർക്ക് ഭീഷണിയായിട്ട് വർഷങ്ങളായി. പെരുവ-കടൽക്കണ്ടം റോഡിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങുന്നത് പതിവാണ്. ഇതുവഴിയുള്ള വാഹനയാത്ര അപകടകരമാണ്. പെരുവ റോഡിൽ കാട്ടുപോത്തുകളുടെ ഇടയിൽപ്പെടുന്ന ഇരുചക്രവാഹനയാത്രക്കാർ അദ്‌ഭുതകരമായാണ് രക്ഷപ്പെടുന്നത്. നിരവധിപ്പേർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്. കഴിഞ്ഞവർഷം കറ്റ്യാടിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടിരുന്നു. കണ്ണവം വനമേഖലയുടെ സമീപപ്രദേശങ്ങളായ കോളയാട്, പെരുവ, കറ്റ്യാട്, കൊമ്മേരി തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കൂടുതലായുള്ളത്.