ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രത്യേക അന്വേഷക സംഘം: ഷെയ്ഖ് ദർവേഷ് സാഹിബ്

തിരുവനന്തപുരം : ലഹരിവിരുദ്ധ നടപടി ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകാന്വേഷക സംഘം രൂപീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. സൈബർ മേഖലയിൽ പ്രവർത്തിക്കുന്നവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് റെയ്ഞ്ച് അടിസ്ഥാനത്തിൽ പരിശീലനം നൽകുമെന്നും സൈബർ ആക്രമണം തടയാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സൈബർമേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്താനാണ് ലക്ഷ്യമിടുന്നത്. ലഹരി കേസുകളിൽ പരിശോധനാ ഫലങ്ങൾ വേഗത്തിൽ ലഭിക്കാന്‍ ഫോറൻസിക് സയൻസ് ലാബുമായി ചേർന്ന് നടപടിയുണ്ടാകും. വിദ്യാലയങ്ങളിലെ ലഹരി കേസുകൾ തടയാൻ നിലവിലുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കും. ലഹരിമാഫിയയുടെ പിടിയിലകപ്പെടുന്ന കുട്ടികളെ ഇരകളായി കണക്കാക്കും. വിൽപ്പനാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വയ്ക്കുന്നവർക്കെതിരെയും നിയമനടപടിയുണ്ടാകും.
സ്റ്റേഷനില്‍ പരാതിയുമായെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുകയും തുടർനടപടി അറിയിക്കാനാവശ്യമായ സംവിധാനമുണ്ടാക്കുകയും ചെയ്യും. സേനയിലെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. സ്ത്രീസുരക്ഷാ പദ്ധതികളും ഗുണ്ടാ പ്രവർത്തനങ്ങൾ തടയാനാവശ്യമായ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കും. മാധ്യമപ്രവർത്തകർക്കതിരെ കരുതിക്കൂട്ടി കേസുകളുണ്ടാകില്ല. പ്രതിപക്ഷ നേതാക്കൾ നൽകുന്ന പരാതികളിൽ കേസെടുക്കുന്നില്ലെന്നത് ശരിയല്ലെന്നും കെ. സുധാകരൻ, ബെന്നി ബഹനാൻ, ടി.യു. രാധാകൃഷ്ണൻ എന്നിവരുടെ പരാതിയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചതായും പൊലീസ് മേധാവി പറഞ്ഞു.