തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരമാണ് രാജിയെന്ന് അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ലെന്നും വിമതർ ഒപ്പം നിൽക്കുമെന്നാണ് കരുതുന്നതെന്നും അജിത വ്യക്തമാക്കി. എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ് ഭരണം അട്ടിമറിക്കാൻ ശ്രമം നടത്തിയതിനു പിന്നാലെയാണ് അജിതയുടെ രാജി തീരുമാനം.
സ്ത്രീ സംവരണ സീറ്റായ ചെയർപേഴ്സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാൽ ഈ ധാരണ തങ്ങളെ അറിയിച്ചിലെന്ന് ചൂണ്ടികാട്ടിയാണ് സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.
ഇതോടെ തൃക്കാക്കരയിലെ യുഡിഎഫ് ഭരണം കലങ്ങിമറിഞ്ഞു. ഒടുവിൽ ഡി.സി.സി നേതൃത്വം രാജിക്കു ശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്ന ഉറപ്പ് നൽകിയതോടെ അജിത തിങ്കളാഴ്ച രാജിവെയ്ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.