കെ.എസ്.ആർ.ടി.സി. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി

കണ്ണൂർ : കെ.എസ്.ആർ.ടി.സി. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. കാസർകോട്ടുനിന്ന് കോട്ടയത്തേക്ക് പോകുന്ന സൂപ്പർ എയർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30-ഓടെ തെക്കിബസാർ മക്കാനിക്ക് സമീപമാണ് അപകടം. ആർക്കും പരിക്കില്ല.
ഡിവൈഡറിൽ ഇടിച്ചുകയറി കുറച്ചു മുന്നോട്ടുപോയപ്പോൾത്തന്നെ വാഹനം നിർത്താൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് പോലീസും നാട്ടുകാരും യാത്രക്കാരും ജീവനക്കാരുമെല്ലാം ചേർന്ന് ബസ് ഡിവൈഡറിൽ നിന്ന് മാറ്റി. കാര്യമായ തകരാറുകളൊന്നുമില്ലാത്തതിനാൽ ഇതേ ബസ് തന്നെ യാത്ര തുടർന്നു.
റിഫ്ളക്ടറുകളില്ലാത്തതിനാൽ പലപ്പോഴും ഈ ഭാഗത്തെ ഡിവൈഡറുകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല. ഇതിനുമുൻപും ഇത്തരത്തിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്