വീണ്ടും ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.; ഇത്തവണ മട്ടന്നൂരിൽ

കണ്ണൂർ: മാസങ്ങളായി ബില്ലടക്കാത്തതിനെത്തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസം കാസർകോട് കറന്തക്കാട്ടെ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേക്കുള്ള വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കറന്തക്കാട്ടെ ഓഫീസിലെത്തി കെ.എസ്.ഇ.ബി. അധികൃതർ ഫ്യൂസ് ഊരുകയായിരുന്നു.
രണ്ടുമാസത്തെ ബിൽ തുകയായ 23,000 രൂപയാണ് കുടിശ്ശികയായുണ്ടെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.
എ.ഐ. ക്യാമറാ പ്രവർത്തനങ്ങളൊക്കെ നിരീക്ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് മട്ടന്നൂർ ആർ.ടി.ഒ. ഓഫീസ്. ഈ ഓഫീസിന്റെ ഫ്യൂസാണ് ഇപ്പോൾ ഊരിയത്. നിലവിൽ ഓഫീസിന്റെ പ്രവർത്തനമാകെ നിലച്ച നിലയിലാണ്. ഈ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടേയും പ്രവർത്തനം നിലച്ച മട്ടാണ്.