പുരാവസ്തു തട്ടിപ്പ് കേസ്: ഏഴ് മൊബൈൽ, ഐപാഡ്; സുധാകരനെതിരായ തെളിവുകൾ നിരവധി

കൊച്ചി : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിയായ, പുരാവസ്‌തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പുരോഗമിക്കുന്നു. ഒന്നാംപ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഏഴ് മൊബൈൽ ഫോണുകളിൽനിന്നും ഒരു ഐപാഡിൽനിന്നുമുള്ള ഡിജിറ്റൽ വിവരങ്ങളാണ് പരിശോധിക്കുന്നത്.
മൊബൈൽ ഫോണുകളും ഐപാഡും തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ മിറർ ഇമേജാണ് അന്വേഷകസംഘം പരിശോധിക്കുന്നത്. കൂടുതൽ തെളിവുകൾ ലഭിക്കുന്നമുറയ്‌ക്ക് ഫോറൻസിക് ലാബിൽ അറിയിച്ച് വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കും. കേസിൽ സുധാകരന്റെ പങ്കാളിത്തം, ഒന്നാംപ്രതി മോൻസൺ മാവുങ്കലുമായുള്ള അടുത്തബന്ധം എന്നിവ വ്യക്തമാക്കുന്ന വീഡിയോ, ഓഡിയോ തെളിവുകളുൾപ്പെടെ മൊബൈലിലും ഐപാഡിലുമുണ്ട്. അനവധി കോൾ റെക്കോഡിങ്ങുകളും ശബ്ദസന്ദേശങ്ങളും ഇവയിലുണ്ട്. കേസിൽ ഇത് നിർണായകമാകും.
സുധാകരന്റെ മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുമ്പോൾ സുപ്രധാന തെളിവുകൾ ഹൈക്കോടതിയിൽ അന്വേഷകസംഘം സമർപ്പിക്കും. ഹർജി പരിഗണിച്ചശേഷമാകും സുധാകരനെ വീണ്ടും ചോദ്യം ചെയ്യുക. മോൻസണിൽനിന്ന് 15 ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയ, സുധാകരന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാമിനെയും ഉടൻ കസ്‌റ്റഡിയിലെടുക്കും. മൂന്നാംപ്രതി ഐ.ജി ജി. ലക്ഷ്‌മണ, നാലാംപ്രതി മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ എന്നിവരെയും ഉടൻ ചോദ്യംചെയ്യും.
സുധാകരന്റെ ഹർജി ഏഴിന് പരിഗണിക്കും
പുരാവസ്‌തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതിയായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഹർജി ജൂലൈ ഏഴിന് പരിഗണിക്കാൻ മാറ്റി. വഞ്ചനാക്കേസിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതോടെയാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കോടതി അനുവദിച്ച രണ്ടാഴ്‌ചത്തെ ഇടക്കാല മുൻകൂർജാമ്യം നീട്ടി. ജസ്‌റ്റിസ് വി.ജി. അരുണാണ് ഹർജി പരിഗണിക്കുന്നത്.