ഇരിവേരിയിലെ പ്രജീഷ്‌ വധം: ഒന്നാം പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം പിഴയും

Share our post

തലശേരി : യുവാവിനെ കൊലപ്പെടുത്തിയശേഷം തുണിയിൽകെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. ഇരിവേരി മിടാവിലോട്ടെ പ്രശാന്തി നിവാസിൽ ഇ. പ്രജീഷിനെ (35) കൊലപ്പെടുത്തിയ കേസിൽ മിടാവിലോട്ടെ കൊല്ലറോത്ത് വീട്ടിൽ കെ. അബ്ദുൾ ഷുക്കൂറി (44) നെയാണ് തലശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്. 

കൊലപാതകത്തിന്‌ ജിവപര്യന്തവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. തെളിവ്‌ നശിപ്പിച്ചതിന് മൂന്ന് വർഷം തടവും ഒരുലക്ഷം പിഴയുമുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ്. പ്രതി അഞ്ച് ലക്ഷം രൂപ പിഴ അടയ്‌ക്കുകയാണെങ്കിൽ സംഖ്യ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് നൽകണം. രണ്ടാം പ്രതിയായ മുഴപ്പാലയിലെ സി.ടി. പ്രശാന്തിനെ (46) തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 

2021 ആഗസ്‌ത്‌ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മരം മോഷണക്കേസിൽ അബ്ദുൽ ഷുക്കൂറിനെതിരെ സാക്ഷിമൊഴി കൊടുത്തതിലുള്ള വിരോധമാണ്‌ കൊലപാതകത്തിന്‌ കാരണമായി പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിൽ 120 രേഖകൾ പരിശോധിച്ചു. 58 സാക്ഷികളെ വിസ്‌തരിച്ചു. 

അനുജനെ കാണാനില്ലെന്ന ഇരിവേരി പ്രശാന്തി നിവാസിൽ ഇ. പ്രസാദിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌. മാവിലായിക്കടുത്ത്‌ പൊതുവാച്ചേരിയിലെ കനാലിൽ ഫയർഫോഴ്‌സും പൊലീസും നടത്തിയ തെരച്ചിലിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ്‌ മൃതദേഹം ലഭിച്ചത്‌. 

ചക്കരക്കൽ ഇൻസ്‌പെക്ടർ എൻ.കെ. സത്യനാഥനാണ് കേസന്വേഷിച്ചത്. അറസ്‌റ്റിലായതുമുതൽ ഒന്നാം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തി തീർപ്പുകൽപ്പിക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. രൂപേഷും രണ്ടാം പ്രതിക്കുവേണ്ടി അഡ്വ. വിനോദ്‌കുമാർ ചമ്പളോനും ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!