കൊട്ടിയൂരിൽ അടുത്ത തീർത്ഥാടനത്തിന് മുമ്പ് കൂടുതൽ സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ്

കൊട്ടിയൂർ: ഭൗതിക സാഹചര്യങ്ങളിലെ കുറവുകൾ പരിഹരിച്ച് അടുത്ത ഉത്സവകാലം മുതൽ കൊട്ടിയൂരിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മലബാർ ദേവസ്വം ബോർഡ്. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.
വൈശാഖോത്സവ നാളുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ധാരാളം പേരെത്തുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത നിലവിൽ തീർത്ഥാടകർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. സൗകര്യം വർദ്ധിപ്പിച്ച് ക്ഷേത്രങ്ങളെ ഭക്തജന സൗഹൃദമാക്കുന്നതിന് സർക്കാരിന്റെ സഹായത്തോടെ പദ്ധതികൾ ഒരുക്കുമെന്നും ബോർഡ് അധികൃതർ പറഞ്ഞു.
ഉത്സവകാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, കമ്മിഷണർ പി.നന്ദകുമാർ, അസി.കമ്മിഷണർ എൻ.കെ.ബൈജു, ഏരിയ കമ്മിറ്റി ചെയർമാൻ പി.കെ.സുധി, കൊട്ടിയൂർ ദേവസ്വം എൻ.എച്ച്.ട്രസ്റ്റി രവീന്ദ്രൻ പൊയിലൂർ എന്നിവർ വ്യക്തമാക്കി.
പാർക്കിംഗ് സൗകര്യമൊരുക്കുന്നനായിരിക്കും പ്രഥമ പരിഗണന .ക്ഷേത്രത്തിന് സമീപം പാർക്കിംഗിനായി സ്ഥലം വാങ്ങുന്നതുൾപ്പെടെ പരിഗണനയിലുണ്ട്. ഈ വിഷയത്തിൽ അഭിപ്രായമറിയാൻ ജൂലായിൽ വിശദമായ യോഗം വിളിച്ചു ചേർക്കും. ക്ഷേത്രത്തിലെ വരുമാനത്തിൽ നല്ല വർദ്ധനവ് ഇത്തവണ ഉണ്ടായെന്നും ഇവർ അറിയിച്ചു.
ഉത്സവകാലത്ത് അക്കരെ സന്നിധാനത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കാത്തത് പോരായ്മയായെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. ഇത്തരം പോരായ്മകൾ പരിഹരിച്ച് അടുത്ത ഉത്സവകാലത്ത് ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന് മുന്നൊരുക്കം ഇപ്പോഴെ തുടങ്ങും- മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി, കമ്മിഷണർ പി.നന്ദകുമാർ
കൊട്ടിയൂരിൽ ഉടൻ
. ഇക്കരെ കൊട്ടിയൂരിൽ നിർമ്മാണം പൂർത്തിയായ ടൂറിസം കോംപ്ലക്സുകളുടെ ഉദ്ഘാടനം ഉടൻ
. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരം മതിൽ കെട്ടി സംരക്ഷിക്കും
. നിലം കല്ലുപതിക്കും
. പഴയ കൗണ്ടർ പുതുക്കി പണിയും
. കുത്തോട് പുനരുദ്ധാരണം