മോഷണശ്രമത്തിനിടെ പൊന്ന്യം സ്വദേശി പിടിയിൽ

പാനൂർ: നിർമാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പൊന്ന്യം സ്വദേശി പോലീസ് പിടിയിൽ. പുല്ലൂക്കര കല്ലറ മടപ്പുരയ്ക്ക് സമീപം പ്രദീപന്റെ വീട്ടിൽവച്ചാണ് പൊന്ന്യം പുല്ലോടി കുളപ്പുറത്ത് പി. എം. നാസറി(55)നെ ചൊക്ലി പോലീസ് അറസ്റ്റു ചെയ്‌തത്.
ബുധൻ രാത്രി 11 ഓടെയാണ് സംഭവം. അസമയത്ത് നിർമാണം നടക്കുന്ന വീട്ടിൽ ചെറിയ വെളിച്ചം ശ്രദ്ധയിൽപ്പെട്ടെത്തിയ പരിസര വാസികളാണ് നാസറിനെ കാണുന്നത്. സംസാരത്തിൽ സംശയം തോന്നിയതോടെ ചൊക്ലി പോലീസിൽ വിവരമറിയിച്ചു.
വീട്ടിൽ സൂക്ഷിച്ച വയറിങ് സാമഗ്രികകൾ ഉൾപ്പെടെ മോഷ്‌ടിക്കുകയായിരുന്നു ഉദ്ദേശമെന്ന് പൊലിസിനോട് സമ്മതിച്ചു. ഇരുമ്പ് കട്ടർ, കൈയ്യുറകൾ, മുഖംമൂടി, ഹെഡ് ലൈറ്റ് ടോർച്ച് എന്നിവയും പ്രതിയുടെ പക്കലിൽ നിന്ന് പോലീസ് കണ്ടെടുത്തു. ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.