ട്രയൽ റൺ കഴിഞ്ഞ്‌ നാലുമാസം എന്ന്‌ തുറക്കും മൾട്ടി ലെവൽ കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ

Share our post

കണ്ണൂർ: ട്രയൽ റൺ കഴിഞ്ഞിട്ടും മൾട്ടി ലെവൽ കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കണ്ണൂർ കോർപ്പറേഷൻ. ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം കാണാനാണ്‌ ജവഹർ സ്​റ്റേഡിയത്തിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന്​ സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിനടുത്തും കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ നിർ‍മിച്ചത്‌.
ഫെബ്രുവരി 22ന്‌ കൊട്ടിഘോഷിച്ച് ട്രയൽ റൺ നടത്തിയ വേളയിൽ പാർക്കിങ്‌​ കേന്ദ്രം ഉടൻ   ആരംഭിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞത്‌. എന്നാൽ, നാല് മാസം കഴിഞ്ഞിട്ടും  തുറന്നില്ല. ഇനിയും ചില അവസാനഘട്ട  പ്രവൃത്തി ബാക്കിയുണ്ടെന്നും അത് പൂർത്തിയാകുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തുമെന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം.
ട്രയൽ റൺ കഴിഞ്ഞിട്ട്  മാസങ്ങൾ പിന്നിട്ടിട്ടും ബാക്കിയുണ്ടെന്ന് പറയുന്ന പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കാൻ എന്തുകൊണ്ട്  സാധിച്ചില്ലെന്ന്  ജനങ്ങൾ ചോദിക്കുന്നു. ​ന​ഗരം ​ഗതാ​ഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ കോടികൾ മുടക്കി നിർമിച്ച പാർക്കിങ്‌​ കേന്ദ്രം കോർപ്പറേഷൻ അനാസ്ഥയിൽ നോക്കുകുത്തിയാകുന്നു.
അമൃത്​ പദ്ധതിയുടെ ഭാ​ഗമായി 11 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി. ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ കേന്ദ്രത്തിൽ അഞ്ചുനിലകളിലായി  124 വാഹനങ്ങളും പീതാംബര പാർക്കിന്​ സമീപത്തെ കേന്ദ്രത്തിൽ മൂന്നുനിലകളിലായി 31 വാഹനങ്ങളും പാർക്ക് ചെയ്യാം.
പുണെ ആസ്ഥാനമായ അഡിസോഫ്​റ്റ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനിക്കാണ്​ നിർമാണ ചുമതല.
 2020 ഒക്​ടോബറിൽ നിർമാണം ആരംഭിച്ചപ്പോൾ  ആറുമാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 
കോവിഡ് വ്യാപനവും  കരാറുകാരും ഉപകരാറുകാരും തമ്മിലുള്ള തർക്കവും കാരണം നിർമാണം നീണ്ടു. ന​ഗരത്തിൽ ​ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ കോർപ്പറേഷൻ ഇടപെട്ട്​  ജൂലൈയിൽ നിർമാണം പുനരാരംഭിച്ചു. ഡിസംബറിൽ തുറക്കാമെന്നായിരുന്നു രണ്ടാംഘട്ടത്തിൽ പ്രവൃത്തി തുടങ്ങുമ്പോൾ കോർപ്പറേഷൻ വ്യക്തമാക്കിയത്. എന്നാൽ, ആ സമയത്തും പ്രവൃത്തി പൂർത്തിയായില്ല​.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!