കൂത്തുപറമ്പിൽ ചാത്തൻ സേവ: പിടിയിലായ സിദ്ധന് പോലീസിന്റെ താക്കീത്

കൂത്തുപറമ്പ് : ചാത്തൻസേവ നടത്തി വിദ്യാർഥിനിയെ വശീകരിച്ച സിദ്ധനെ പൊലീസ് പിടികൂടി. രേഖാമൂലം പരാതി നൽകാൻ രക്ഷിതാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് ഇയാളെ താക്കീത് നൽകി വിട്ടയച്ചു. വ്യാഴാഴ്‌ചയാണ് സംഭവം. മകളെ കൂത്തുപറമ്പിൽ ചാത്തൻസേവ നടത്തുന്ന സിദ്ധൻ വശീകരിച്ചെന്നും ആവശ്യമായ സഹായം ചെയ്യണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ സഖി ഹെൽപ്പ് ലൈനിൽ പരാതി നൽകുകയായിരുന്നു.
കൂത്തുപറമ്പ് പൊലീസ് കുട്ടിയെയും സിദ്ധനെയും കസ്റ്റഡിയിലെടുത്തു. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ ഉയർന്ന മാർക്ക് ലഭിക്കാനായി രക്ഷിതാക്കളാണ് മകളുമായി സിദ്ധന്റെ അടുത്തെത്തിയത്. പിന്നീട് കുട്ടി സിദ്ധന്റെ നിയന്ത്രണത്തിലായി. ഒഴിവുദിവസങ്ങളിൽ കുട്ടി കൂത്തുപറമ്പിലെ ഇയാളുടെ കേന്ദ്രത്തിലെത്തി സമയം ചെലവഴിക്കുന്നതായും വീട്ടിലെത്തിയാൽ കൂടുതൽ സമയവും ഇയാളുമായി ഫോണിൽ സംസാരിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. ആഗ്രഹിച്ച കാര്യം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകളെവരുതിയിലാക്കുന്നത്. ദിവസവും ഒട്ടേറെ പേർ സിദ്ധനെ കാണാനെത്തുന്നു.