യൂത്ത് ബ്രിഗേഡിറങ്ങി; കൊട്ടിയൂർ ക്ലീൻ

കൊട്ടിയൂർ : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയിടങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുന്ന “ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ’ ക്യാമ്പയിന് കൊട്ടിയൂരിൽ ഉജ്വല തുടക്കം.
ഒരുവർഷം നീളുന്ന പൊതു ഇട ശുചീകരണ പ്രവർത്തനത്തിൽ ലഭിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ചശേഷം പുനരുപയോഗ്യമായവ വിൽപ്പന നടത്തി ജില്ലയിൽ ശുചിമുറികൾ പണിയുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എം. രാജൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി. ദിലീപ്, മുഹമ്മദ് സിറാജ്, പി.എം. അഖിൽ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ആയിരക്കണക്കിന് തീർഥാടകരും വാഹനങ്ങളും വന്നുപോയ കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയും അഞ്ച് കിലോമീറ്റർ ദൂരത്തിൽ പാൽചുരവും അന്തർസംസ്ഥാന പാതയിലെ ഇരട്ടത്തോടുമുതൽ അമ്പായത്തോടുവരെ എട്ട് കിലോമീറ്ററും കൊട്ടിയൂർ ഉത്സവത്തിന് വൻതിരക്ക് അനുഭവപ്പെടുന്ന ഏഴ് കിലോമീറ്റർ ദൂരത്തിൽ സമാന്തര റോഡുകളുടെ ഇരുവശവുമാണ് യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ശുചീകരിച്ചത്.
പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ്, മട്ടന്നൂർ ബ്ലോക്കുകളിൽനിന്ന് നാനൂറോളം വളന്റിയർമാർ ബുധൻ രാവിലെ ഏഴുമുതൽ കൊട്ടിയൂരിലെത്തി.
അഞ്ച് ടൺ മാലിന്യമാണ് ശേഖരിച്ചത്. ശേഖരിച്ച മാലിന്യം ദേവസ്വം ഗ്രൗണ്ടിലെത്തിച്ച് തരംതിരിച്ചശേഷം പുനരുപയോഗ്യമല്ലാത്തവ ഹരിതകർമസേനക്ക് കൈമാറി. ബ്ലോക്ക് സെക്രട്ടറിമാരായ ടി. രഗിലാഷ്, സിദ്ധാർഥ് ദാസ്, സരീഷ് പൂമരം, വി. ഷിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.