ഡിജിറ്റൽ മികവിൽ കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല

മയ്യിൽ : ഡിജിറ്റൽ ലൈബ്രറി സംവിധാനവും ലിറ്റിൽ തീയറ്ററും ജില്ലയിൽ ആദ്യം തുടങ്ങിയ സാംസ്‌കാരിക സ്ഥാപനമാണ് കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല. തുടർവിദ്യ, ജനസേവന കേന്ദ്രങ്ങളും വയോജന പകൽ വിശ്രമകേന്ദ്രവും ഇൻഫർമേഷൻ സെന്ററും വായനക്കപ്പുറമുള്ള വിശാല ലോകം തുറന്നിടുകയാണ് ഇവിടെ. കംപ്യൂട്ടർ, പി.എസ്.സി പരീക്ഷ, തുല്യതാ പരീക്ഷ, ബുക്ക് ബൈൻഡിങ്, നൃത്ത സംഗീത വാദ്യം, നീന്തൽ, തുന്നൽ, കൂൺകൃഷി, സോപ്പ് നിർമ്മാണം എന്നിവയുടെ പരിശീലനം, പച്ചക്കറി ഉൽപ്പാദനം, സാന്ത്വന സേവനം, വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കൽ, മാലിന്യ നിർമാർജനം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഗ്രന്ഥശാലയുടെ പ്രയാണം.
സാഹിത്യ സെമിനാറുകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങളും ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും ബഹുജന പങ്കാളിത്തത്തോടെ നടത്തിവരുന്നു. നാടിന്റെ വെളിച്ചമായി മാറിയ വായനശാലയ്‌ക്ക് എപ്ലസ് ഗ്രേഡുണ്ട്. 1049 അംഗങ്ങളുള്ള ഗ്രന്ഥാലയത്തിൽ 16,240 പുസ്തകങ്ങളുണ്ട്.
ദേശീയ പ്രസ്ഥാനകാലത്ത് കുറ്റ്യാട്ടൂരിലെ പ്രക്ഷോഭങ്ങൾക്ക് വേദിയായ ഇടമാണ് പൊതുജന ഗ്രന്ഥശാല. 1942ൽ കസ്തൂർബാ വായനശാലയെന്ന പേരിൽ ആരംഭിച്ച സ്ഥാപനം ദേശീയ സമര വാർത്തകൾ അറിയുന്നതിനും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള കേന്ദ്രമായിരുന്നു. പൊതുജനങ്ങളിൽ ദേശീയബോധം വളർത്താനും അടിമത്തത്തിനും അനീതിക്കുമെതിരെ പോരാടാനുമുള്ള വേദിയായി വായനശാല മാറി.
കസ്തൂർബാ വായനശാലയുടെ പ്രവർത്തനം മന്ദീഭവിച്ചതോടെയാണ് 1970ൽ പൊതുജന ഗ്രന്ഥശാല ആരംഭിച്ചത്. എ.പി ഗോവിന്ദ സറാപ്പിന്റെ വാടക കെട്ടിടത്തിലാണ് വായനശാലയുടെ തുടക്കം. 1986ൽ സ്വന്തമായി കെട്ടിടം പണിതു. പി. ഗോവിന്ദപ്പിള്ളയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഗ്രന്ഥശാലയുടെ പ്രവർത്തന മികവിൽ സന്തോഷം പ്രകടിപ്പിച്ച് ഗോവിന്ദപ്പിള്ളയും വാണിദാസ് എളയാവൂരും പ്രൊഫ. മല്ലിശ്ശേരി കരുണാകരനും 500 രൂപയിലധികം വില വരുന്ന പുസ്തകങ്ങൾ സംഭാവന ചെയ്തു. ഈ പുസ്തക സംഭാവനയാണ് ഗ്രന്ഥശാലാ പ്രവർത്തകരെ പുസ്തക സമാഹരണത്തിലേക്ക് നയിച്ചത്. പുസ്തക സമാഹരണ യജ്ഞത്തിൽ രണ്ടുതവണ അവാർഡ് നേടുന്നതിനും ഇത് പ്രേരകമായി.
മികച്ച പ്രവർത്തനത്തിനുള്ള നിരവധി അവാർഡുകൾ ഗ്രന്ഥശാലയ്‌ക്ക് ലഭിച്ചിട്ടുണ്ട്. 2003ൽ ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള അവാർഡ്, പുസ്തക സമാഹരണ യത്നത്തിൽ ഒന്നാം സ്ഥാനം, അക്ഷര ജ്വാലാ പുരസ്കാരം തുടങ്ങിയവയാണ് പ്രധാനം. ഗ്രന്ഥശാലയുടെ പ്രസിഡന്റ് കെ. പത്മനാഭനും സെക്രട്ടറി എ. പ്രഭാകരനുമാണ്.