വ്യാജബിരുദ സർട്ടിഫിക്കറ്റ്: കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിലിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചോദ്യം ചെയ്തു. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്ന് എസ്. എസ്. എൽ. സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സർവകലാശാല രജിസ്ട്രാറാണ് അൻസിലിന്റെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.
അൻസിലിന്റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ രണ്ട് ആഴ്ചത്തേക്ക് അൻസിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് അൻസിൽ ജലീൽ നൽകിയ മൊഴി.