ലെസ്ബിയന്‍ പങ്കാളിയെ കുടുംബം തടഞ്ഞുവച്ചെന്ന് പരാതി; പോലീസ് കേസെടുത്തു

മലപ്പുറം: ലെസ്ബിയന്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞുവച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അഫീഫയെ തഞ്ഞുവെച്ചെന്ന സുമയ്യയുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസാണ് കേസെടുത്തത്.
അഫീഫയെ കുടുംബം തടഞ്ഞുവെക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുമയ്യയെ കാണാനായി അഫീഫ കാറില്‍ കയറുന്നതിനിടെയായിരുന്നു കുടുംബം തടഞ്ഞുവെച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അഫീഫയുടെ കുടുംബത്തോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 27നാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സുമയ്യയും അഫീഫയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. വീടുവിട്ടിറങ്ങി എറണാകുളത്ത് താമസിച്ചുവരുന്നതിനിടെ അഫീഫയെ വീട്ടുകാര്‍ ബലംപ്രയോഗിച്ചു കൂട്ടിക്കൊണ്ടുപോയി.
തുടര്‍ന്ന് അഫീഫയെ കാണാനില്ലെന്ന് കാണിച്ച് സുമയ്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ ഹഫീഫ കുടുംബത്തോടൊപ്പം പോവാനാണ് താത്പര്യമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കുടുംബത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് അഫീഫ കോടതിയില്‍ അങ്ങനെ പറഞ്ഞതെന്ന വാദമാണ് സുമയ്യ ഉന്നയിക്കുന്നത്.