പത്രപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന പി.പി.കെ. ശങ്കർ അന്തരിച്ചു

കോഴിക്കോട് : പത്രപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന പി.പി.കെ. ശങ്കർ (78) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മകളുടെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച രാവിലെ കോഴിക്കോട് മാങ്കാവ് ശ്മശാനത്തിൽ സംസ്ക്കരിക്കും. കുറച്ചുകാലമായി അദ്ദേഹം കിടപ്പിലായിരുന്നു.
പ്രമുഖ സ്വാതന്ത്യസമര സേനാനിയും കെ.പി.സി.സി അംഗവുമായിരുന്ന എം.കെ.ശിവശങ്കരമേനോന്റെയും മഹിളാ കോൺഗ്രസ് പ്രവർത്തകയും നാടക നടിയുമായിരുന്ന പി.പി.കുഞ്ഞി ലക്ഷ്മിയമ്മയുടെയും മകനാണ് . ഭാര്യ: ശോഭാ ശങ്കർ, മക്കൾ: വി.വി. രശ്മി, വി.വി. രഞ്ജിത്ത്, മരുമകൻ: സുധീർ ഗോവിന്ദപുരം.
എൽ.പി.സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ തന്നെ നാടകത്തിൽ അഭിനയം തുടങ്ങി. ഹൈസ്കൂൾ പഠനകാലത്ത് നാടകാഭിനയത്തിനു ജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിച്ചു. നിരവധി അമേച്വർ , പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു. ജോലിക്കായി മുബൈയിലേയ്ക്ക് പോയ ശങ്കർ അവിടെയും കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ മുഴുകി.
മുബൈ മലയാളി സമാജത്തിന്റെ സെക്രട്ടറിയായിരുന്നു. അവിടെ നിന്നു തിരിച്ചുവന്ന ശേഷം പത്രപ്രവർത്തന രംഗത്ത് നിലയുറപ്പിച്ചു. ദീർഘകാലം കാലിക്കറ്റ് ടൈംസ് പത്രത്തിന്റെ ലേഖകനായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ജോയന്റ് സെക്രട്ടറിയായിരുന്നു. സീനിയർ ജേണലിസ്റ്റ്സ് ഫോറം രൂപവത്കരിക്കുന്നതിൽ പങ്ക് വഹിച്ച ശങ്കർ ഫോറത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.