ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കാവുംപടി സി. എച്ച്. എം.സ്കൂൾ കമ്മിറ്റിക്കെതിരെ കേസ്
തില്ലങ്കേരി : അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന വികലാംഗന്റെ പരാതിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്തു.
തില്ലങ്കേരി കാവുംപടി സി. എച്ച്. എം. ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ്റ് കമ്മിറ്റിക്കെതിരെ പ്രദേശ വാസിയായ ടി.കെ. മൊയ്തീൻ നൽകിയ പരാതിയിൽ വികലാംഗ കമ്മീഷന്റെയും ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും നിർദേശപ്രകാരം മുഴക്കുന്ന് പോലീസാണ് കേസെടുത്തത്.
2016 – 2018 കാലയളവിലെ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എ. ടി. കുഞ്ഞമ്മദ്, അംഗങ്ങളായ വി. പി. മഹമൂദ്, ടി. മജീദ്, ടി. സലാം, ടി. കെ. കുട്ട്യാലി എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.
പരാതിക്കാരന്റെ മകന് സ്കൂളിൽ സ്ഥിര അധ്യാപകനായി ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 12 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്നു.കൈപറ്റിയ പണം തിരികെ നൽകാതെയും ജോലി ചെയ്ത മൂന്ന് വർഷ കാലത്തെ പ്രതിഫലം നൽകാതെയും പ്രതികൾ വിശ്വാസ വഞ്ചന ചെയ്തു എന്നും പരാതിയിൽ പറയുന്നു.