നഗരസഭ നട്ടുവളർത്തി പരിപാലിച്ചത് കഞ്ചാവ് തൈ; പോലീസ് അന്വേഷണം

വടകര: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭ പാതയോരത്ത് സ്ഥാപിച്ച ചെടിച്ചട്ടികളിലൊന്നിൽ വളർന്നത് കഞ്ചാവിൻ തൈ. പഴയ ബസ് സ്റ്റാന്റിന് സമീപത്താണ് ചെടിച്ചട്ടിയൊന്നിൽ ഏഴ് ഇലകളോളമെത്തിയ ചെടി ശ്രദ്ധയിൽ പെട്ടത്.
വടകര പോലീസിൽ അറിയിച്ചതിനെ തുടർന്ന് അവരെത്തി ചെടി എടുത്തു കൊണ്ടുപോയി. കഞ്ചാവ് ചെടിയാണെന്ന് തിരിച്ചറിയാതെയാണ് ഇത്രയും നാൾ പരിപാലിച്ചു പോന്നത്. ഇത് എങ്ങിനെ ഇവിടെ വളർന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ദേശീയപാതയോട് ചേർന്ന് ബത്തേരി ചുങ്കത്ത് എഷ്യൻ ടൂറിസ്റ്റ് ഹോമിന് പിറകിലായി വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. രണ്ട് മീറ്ററും അതിൽ താഴെയുമുള്ള ഏഴ് ചെടികളാണ് പാർത്തീനിയം ചെടികൾക്കിടയിലായി കണ്ടെത്തിയത്.
കഞ്ചാവ് ഉപയോഗിക്കുന്നവർ ഇതിന്റെ കുരു അലക്ഷ്യമായി വലിച്ചെറിഞ്ഞത് ഇവിടെ കിടന്ന് മുളച്ചതാകാമെന്നാണ് എക്‌സൈസ് വകുപ്പ് കരുതുന്നത്. എക്‌സൈസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദീൻ, പ്രിവന്റീവ് ഓഫീസർ വി. ആർ. ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. വി. രജിത്ത്, കെ. എ. അർജുനൻ, ആർ. സി.ബാബു എന്നിവർ ചേർന്നാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.