ഹരിപ്പാട്: നാപ്ടോൾ കമ്പനിയിൽ നിന്ന് സ്ക്രാച്ച് ആൻഡ് വിൻ സമ്മാനമായി 13.5 ലക്ഷം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ച് 74കാരന്റെ കൈയിൽ നിന്ന് 1.35 ലക്ഷം തട്ടിയ രണ്ട് കർണാടക സ്വദേശികളെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40) ദേവി പ്രസാദ് (35) എന്നിവരാണ് കർണാടകയിൽ നിന്ന് പിടിയിലായത്.
പള്ളിപ്പാട് നീണ്ടൂർ ഈശ്വരൻ പറമ്പിൽ ഗോപാലകൃഷ്ണപിള്ളയുടെ പരാതിയിലാണ് അറസ്റ്റ്.ഗോപാലകൃഷ്ണ പിള്ള പണം അയച്ചു കൊടുത്ത അക്കൗണ്ട് വിവരങ്ങളും ഫോൺ കാൾ വിവരങ്ങളും വച്ച് അന്വേഷണം നടത്തിയപ്പോൾ കർണാടകയിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. കർണാടകയിൽ ഇവർക്ക് അക്കൗണ്ടുള്ള ബാങ്കുകൾ വഴി അന്വേഷണം നടത്തി പ്രതികൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചാണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അജയ് നാഥ്, ഹരിപ്പാട് സി.ഐ വി.എസ്.ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഹരിപ്പാട് എസ്.ഐ ഷൈജ, എ.എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ പ്രദീപ് , എസ്.സി.പി.ഒ അരുൺ, സി.പി.ഒ നിഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
തട്ടിപ്പിന്റെ തുടക്കം ഫോൺ കോളിൽ നിന്നായിരുന്നു. ഗോപാലകൃഷ്ണപിള്ള നാപ്ടോൾ കമ്പനിയിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നത് പതിവായിരുന്നു. 2022 ജൂൺ 9ന് നാപ്ടോൾ കമ്പനിയുടെ പി.ആർ.ഒ ആയ ഓച്ചിറ സ്വദേശി അമൽദേവാണെന്ന് പരിചയപ്പടുത്തി വന്ന ഫോൺ കോളിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. സമ്മാനമായി കിട്ടുന്ന 13.5 ലക്ഷം കിട്ടാൻ ടാക്സ് ആദ്യം അടയ്ക്കണമെന്നും ഇതിനായി 1.35 ലക്ഷം രൂപ നൽകണമെന്നും പറഞ്ഞു.
വിശ്വാസത്തിനായി അമൽദേവിന്റെ ഐ.ഡി കാർഡും ആധാർ കാർഡും പേഴ്സണൽ ഐ.ഡിയും ഗോപാലകൃഷ്ണപിള്ളയ്ക്ക് അയക്കുകയും ചെയ്തു. കമ്പനിയുടെ മാനേജരെന്ന് പറഞ്ഞ് ജഗദീഷ് എന്നയാളുടെ അക്കൗണ്ട് നമ്പരാണ് അയച്ചു നൽകിയത്. ഗോപാലകൃഷ്ണപിള്ള ഇതിലേക്ക് 135000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു.
വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയാണ് ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത്.മറയായി ’അമൽദേവ് ‘ അമൽദേവ് എന്നയാളുടെ അഡ്രസ് കണ്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാൾ നാപ്ടോൾ കമ്പനിയിലല്ല ജോലിചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തി.
തട്ടിപ്പു നടത്താൻ പ്രതികൾ ഉപയോഗിച്ച ഐ.ഡി കാർഡിലുള്ള ഫോട്ടോയും ആധാർ കാർഡും ഓച്ചിറ സ്വദേശിയായ അമലിന്റെയാണെന്നും ഇയാൾ നിരപരാധി ആണെന്നും ഇയാളുടെ ഐ.ഡി ഉപയോഗിച്ച് പ്രതികൾ പലരെയും കബളിപ്പിക്കാൻ നോക്കിയിരുന്നെന്നും അന്വേഷണസംഘം പറഞ്ഞു.