ഏകീകൃത സിവിൽ കോഡ്: ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമബോർഡ്

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമബോർഡ്. ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന് തൊട്ട് പിന്നാലെ മുസ്ലിം വ്യക്തി നിയമ ബോർഡ് അടിയന്തിര യോഗം ചേർന്നു. ഈ യോഗത്തിൽ ആണ് നിർദിഷ്ട നിയമത്തെ ശക്തമായി എതിർക്കാൻ തീരുമാനമായത്.
ഓൺലൈൻ ആയി ചേർന്ന യോഗത്തിലാണ് ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചത്. എതിർപ്പ് വ്യക്തമാക്കി നിയമ കമ്മീഷന് കൈമാറാനുള്ള രേഖ ബോർഡ് തയ്യാറാക്കി. എന്തുകൊണ്ടാണ് എതിർപ്പ് എന്നത് സംബന്ധിച്ച് കമ്മിഷന് കൈമാറുന്ന രേഖയിൽ വിശദീകരിക്കും. ജൂലൈ 14-നകം അഭിപ്രായം അറിയിക്കാനാണ് നിയമ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.
കുടുംബവും രാജ്യവും ഒരു പോലെയല്ല; ഏകീകൃത സിവിൽ കോഡ് അടിച്ചേല്‍പിക്കാനാകില്ല- ചിദംബരം
ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. ഒരേ കുടുംബത്തിലെ രണ്ടുപേർക്ക് വ്യത്യസ്ത നിയമങ്ങൾ എങ്ങനെ പ്രയോഗികമാകുമെന്നും രണ്ട് നിയമങ്ങളുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.
എന്നാൽ ‘കുടുംബവും രാജ്യവും ഒന്ന് പോലെയല്ല’ എന്ന് ചിദംബരം ചൂണ്ടിക്കാട്ടി. രക്തബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബങ്ങൾ നിലനിൽക്കുന്നതെങ്കിൽ, ഭരണഘടനയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വിലക്കയറ്റം, തൊഴിൽ ഇല്ലായ്മ, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമാക്കുന്നത്. ഭരണത്തിൽ പരാജയപ്പെട്ട ബി.ജെ.പി. ധ്രുവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ശ്രമിക്കുന്നത്’- ചിദംബരം കുറ്റപ്പെടുത്തി.