ആറളം ഫാം ഹോമിയോ ആസ്പത്രിയിൽ ഫിസിയോതെറാപ്പി വിഭാഗവും തുടങ്ങുന്നു

Share our post

ഇരിട്ടി: കിടത്തി ചികിത്സയുള്ള ആറളം ഫാം ഗവ ഹോമിയോ ആസ്പത്രിയിൽ ഫിസിയോതെറാപ്പി വിഭാഗവും ആരംഭിക്കുന്നു.ആദിവാസി പുനരധിവാസ മേഖല എന്ന പരിഗണിനയിൽ 2015-ൽ ആണ് കിടത്തി ചികിത്സാ സൗകര്യത്തോട് കൂടി ഹോമിയോ ആസ്പത്രി ആരംഭിച്ചത്.

2018-ൽ കിടത്തി ചികിത്സാ സൗകര്യമുള്ള പുതിയ കെട്ടിടത്തിലേക്ക് ആസ്പത്രി പ്രവർത്തനം മാറ്റി.2020 മാർച്ചിൽ ക്ലിനിക്കൽ ലാബും ആരംഭിച്ചു.ദിനം പ്രതി 100ഓളം രോഗികളാണ് ആസ്പത്രി സൗകര്യം പ്രയോജനപ്പെടുത്തുന്നത്.പുനരധിവാസ മേഖലയിലുള്ളവർക്ക് പുറമെ ആറളം പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഇരിട്ടി, പായം, അയ്യൻകുന്ന്, കേളകം , കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ നിന്നും കുടുതൽപേർ ആസ്പത്രി സൗകര്യം പ്രയോജനപ്പെടുത്താൻ തുടങ്ങി.

ആറളം പഞ്ചായത്തിനെ കേളകം, കണിച്ചാർ പഞ്ചായത്തുകളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വളയംചാൽ , ഓടൻതോട് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായതോടെ ഈ ഭാഗങ്ങളിൽ നിന്നും കൂടുതൽ പേർ എത്താൻ തുടങ്ങി. ആദിവാസികൾക്കൊപ്പം മറ്റ് വിഭാഗങ്ങൾക്കും ചികിത്സ സൗജന്യമാണ്.

ഗ്രാമപഞ്ചായത്ത് 2022- 23 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫിസിയോതെറാപ്പിക്കുള്ള ഉപകരണങ്ങൾ വാങ്ങി. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫിസിയോ തെറാപിസ്റ്റിനേയും നിയമിച്ചു.ചലന സബന്ധമായ രോഗങ്ങൾ, പാലിയോറ്റിവ് ചികിത്സ, നാടിരോഗങ്ങൾ എന്നിവയ്ക്ക് ഹോമിയോ മരുന്നുകൾക്കൊപ്പം ഫിസിയോതെറാപ്പിയും നൽകുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

ജൂലായ് അഞ്ചിന് ഫിസിയോതെറാപ്പി വിഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്യും. പത്ത് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുള്ള ആസ്പത്രിയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. രഞ്ജിത്ത്, ഫിസിയോ തെറാപിസ്റ്റ് കെ.പി. അഖില എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!