കൊച്ചി : രണ്ട് ഗ്രാം മുതലുള്ള സ്വർണാഭരണങ്ങളുടെ വിൽപ്പനയ്‌ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി (ബി.ഐ.എസ്)ന്റെ ഹാൾമാർക്ക് യുണിക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐഡി) ജൂലൈ ഒന്നുമുതൽ നിർബന്ധം. ഏപ്രിൽ ഒന്നുമുതൽ ഈ പരിഷ്‌കാരം നടപ്പാകേണ്ടതായിരുന്നു. വ്യാപാരികളുടെ ആവശ്യപ്രകാരമാണ് ഇത് നടപ്പാക്കുന്നത് മൂന്നുമാസത്തേക്ക് നീട്ടിയത്. ജൂലൈ ഒന്നുമുതൽ ആറക്ക ബി.ഐ.എസ് ഹാൾമാർക്കില്ലാത്ത സ്വർണത്തിന്റെ വിൽപ്പന കടുത്തശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാകും..
അനധികൃത സ്വർണവിൽപ്പന തടഞ്ഞ് നികുതിവരുമാനം വർധിപ്പിക്കുക എന്നതാണ് പരിഷ്‌കാരത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്വർണത്തിന്റെ പരിശുദ്ധിയും ഉറപ്പാക്കാനാകും. സംസ്ഥാനത്ത് പന്ത്രണ്ടായിരത്തോളം ചെറുതും വലുതുമായ സ്വർണവ്യാപാരികളാണുള്ളത്. ഇതിൽ ഏഴായിരത്തോളംപേർ മാത്രമാണ് ജി.എസ്.ടിയും ബി.ഐ.എസ് ലൈസൻസും എടുത്ത് പരിഷ്‌കാരത്തിന്റെ ഭാഗമാകാൻ ഒരുങ്ങിയിട്ടുള്ളത്. ലൈസൻസ് വ്യവസ്ഥകളിലെ ്് കർശന വ്യവസ്ഥകളാണ് വലിയൊരു വിഭാഗത്തെ പുറത്ത് നിർത്തുന്നത്.
ഹാൾമാർക്ക് കിട്ടാനാവശ്യമായ ബി.ഐ.എസ് രജിസ്‌ട്രേഷന് ജി.എസ്.ടി നിർബന്ധമാണ്. 40 ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ളവരാണ് ജി.എസ്.ടി എടുക്കേണ്ടത്. അത്രയും വിറ്റുവരവില്ലാത്തവരാണ് വലിയൊരു വിഭാഗം. വിറ്റുവരവില്ലാത്ത ചെറുകിടക്കാർ ബി.ഐ.എസ് ലൈസൻസെടുത്താലും തടസ്സങ്ങൾ തീരുന്നില്ല. അവരുടെ പക്കലുള്ള ഒന്നോ രണ്ടോ യൂണിറ്റ് ആഭരണം കൊണ്ടുപോയി ഹാൾമാർക്ക് ചെയ്‌തെടുക്കാനും പ്രായോഗിക തടസ്സമുണ്ട്. ഒരുകൂട്ടം ആഭരണങ്ങളിൽ ഒന്നിൽനിന്ന് രണ്ടു ഗ്രാമോളം മുറിച്ചെടുത്താണ് ഹാൾമാർക്കിന്റെ ഭാഗമായ ഗുണനിലവാര പരിശോധന. മുറിക്കുന്ന ആഭരണം ഉപയോഗിക്കാനാകാത്തവിധം കേടാകും. ഒരു മോതിരമോ കമ്മലോ ഉണ്ടാക്കിയാൽ അതുമാത്രമായി കൊണ്ടുപോയി ഹാൾമാർക്ക് ചെയ്യാനാകില്ലെന്ന് ചുരുക്കം.
നാട്ടിൻപുറങ്ങളിൽ ചില്ലറ ആഭരണനിർമാണ ജോലി ചെയ്യുന്ന രണ്ടുലക്ഷത്തോളംപേർ പരിഷ്‌കാരത്തിന് പുറത്താകും. പണിക്കൂലിമാത്രം ലഭിക്കുന്ന നിർമാണത്തൊഴിലാളികളായി ഇവർ മാറും. ബി.ഐ.എസ് വ്യവസ്ഥകളിലെ ഇത്തരം അപാകങ്ങൾ പരിഹരിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടതായി ജനറൽ സെക്രട്ടറി എസ്. അബ്‌ദുൾ നാസർ പറഞ്ഞു. അസോസിയേഷൻ സമർപ്പിച്ച റിട്ട് ഹർജിയിലാണ് എച്ച്.യു.ഐഡി നടപ്പാക്കുന്നത് മൂന്നുമാസം ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്.
വിവരങ്ങൾ വിരൽത്തുമ്പിൽ
ഹാൾമാർക്ക് ചെയ്യുന്നതിലൂടെ സ്വർണത്തിന്റെ പരിശുദ്ധിമാത്രമല്ല, ആഭരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ് രേഖപ്പെടുത്തുന്ന ആറക്ക നമ്പർ വെബ്‌സൈറ്റിലോ ബി.ഐ.എസ് കെയർ എന്ന ആപ്പിലോ നൽകി ആർക്കും വിവരങ്ങളെടുക്കാം. ആഭരണത്തിന്റെ പരിശുദ്ധി, ഏത് സെന്ററിൽ പരിശോധിച്ചു, ഏത് വിൽപ്പനക്കാരനിൽനിന്ന് വാങ്ങി തുടങ്ങിയ വിവരങ്ങൾ ഉപയോക്താവിന് ലഭിക്കും.