ഒണിയൻ പ്രേമൻ വധക്കേസ്: വിചാരണ ഒക്ടോബർ 25 മുതൽ

തലശേരി : സി.പി.എം പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഒണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 25ന് ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. സാക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി. ചിറ്റാരിപ്പറമ്പ് ടൗണിൽ 2015 ഫെബ്രുവരി 25ന് രാത്രി ഒമ്പതോടെ കാറിലും മോട്ടോർ സൈക്കിളിലും എത്തിയ ആർ.എസ്.എസ്–ബി.ജെ.പി സംഘമാണ് പ്രേമനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.
കൂത്തുപറമ്പ് ഗവ. ആ സ്പത്രിയിലും തലശേരി സഹകരണ ആസ്പത്രിയിലും എത്തിച്ചെങ്കിലും 26ന് പുലർച്ചെ അഞ്ചോടെ മരിച്ചു. കൊലപാതകം നടന്ന് എട്ട് വർഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്. പത്ത് പേരാണ് പ്രതികൾ.
കണ്ണവം ശൈലേഷ് നിവാസിൽ സി.എം. സജേഷ് (34), തൊടീക്കളം ആലപ്പറമ്പ് ശ്രീനാരായണമഠത്തിനടുത്ത തപസ്യയിൽ കവുങ്ങുംവള്ളി ഹൗസിൽ കെ.വി. ശ്യാമപ്രസാദ് എന്ന ബാവ (20), കോളയാട് എടയാർ ഗോകുലം വീട്ടിൽ ടി. പ്രജീഷ് എന്ന കുട്ടൻ (35), ഓട്ടോഡ്രൈവർ കണ്ണവം നാരായണ വിഹാറിൽ ഇഞ്ചിക്കണ്ടി നിഷാന്ത് (45), കണ്ണവം ശ്രീനാരായണമഠത്തിന് സമീപം പണിയോടൻ ഹൗസിൽ പി. ലിജിൻ എന്ന കഞ്ചു (33), കണ്ണവം പഴശി മുക്ക് വിനീഷ് ഭവനിൽ മണപ്പാട്ടി വിനീഷ് (42), കളരിക്കൽ ഹൗസിൽ സി. രജീഷ് (34), കണ്ണവം തൈക്കണ്ടി ഹൗസിൽ എൻ. നിഖിൽ (29), കണ്ണവം പാറേമ്മൽ ഹൗസിൽ രഞ്ചയ് രമേഷ് (28), കണ്ണവം രഞ്ജിത്ത് നിവാസിൽ സി.വി. രഞ്ജിത്ത് (32) എന്നിവരാണ് പ്രതികൾ. രണ്ടാംപ്രതി ശ്യാമപ്രസാദിനെ പിന്നീട് എൻ.ഡി.എഫുകാർ കൊലപ്പെടുത്തി.
സജീവൻ ആലക്കാട്ടിന്റെ പരാതിയിലാണ് കണ്ണവം പൊലീസ് കേസെടുത്തത്. കേസിൽ 129 സാക്ഷികളുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്‌കുമാർ ഹാജരാകും.