വായന ‘പൂക്കുന്നു’ കിത്താബിലൂടെ

കണ്ണൂർ : ദച്ചു ഏച്ചിയും കാർത്യായനിയമ്മയും സരസ്വതിയമ്മയുമെല്ലാം വായനയിലാണ്. ചില്ലലമാരകളിൽ പൊടിപിടിച്ചു കിടന്ന പുസ്തകങ്ങൾ ‘കിത്താബി’ലൂടെ കൈയിലെത്തിയപ്പോൾ വായനയുടെ പുതുലോകം കിട്ടിയ സന്തോഷത്തിലാണിവർ. നെയ്‌പ്പായസവും ആടുജീവിതവും ബാല്യകാലസ്‌മരണയും ആസ്വാദനത്തിന്റെ ഇരമ്പങ്ങളായി അവരുടെ ഉള്ളിൽ നിറയുകയാണ്. അവയെല്ലാം മറ്റുള്ളവരിലേക്ക് കൂടി പങ്കിടുകയായിരുന്നു ‘കഥാസാര’മെന്ന പരിപാടിയിലൂടെ.
കുടുംബശ്രീ ജില്ലാ മിഷൻ ആരംഭിച്ച കമ്യൂണിറ്റി ലൈബ്രറി ‘കിത്താബി’ന്റെ നേതൃത്വത്തിലാണ് വായനാനുഭവം പങ്കുവയ്‌ക്കുന്ന കഥാസാരം പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീയ്ക്കൊപ്പം പുതിയ സംരംഭം തുടങ്ങിയും കൃഷി ചെയ്‌തും ജീവിതം കരുപ്പിടിപ്പിച്ചവർക്ക് പുസ്‌തകാസ്വാദനത്തിലെ പുതിയൊരു തലം നൽകുകയാണ് കഥാസാരം.
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇതുവരെ ഇരുപതോളം കഥാസാരം സംഘടിപ്പിച്ചു. സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർ ഒത്തുചേർന്നാണ് കഥാസാരം സംഘടിപ്പിക്കുന്നത്. സി.ഡി.എസ് തലത്തിൽ ആദ്യഘട്ടത്തിൽ 95 പരിപാടി സംഘടിപ്പിക്കും. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ ഏഴ് വരെയാണ് പരിപാടി.
കഥാസാരം രണ്ടാം ഘട്ടത്തിൽ ജൂലൈ ആറ് മുതൽ പത്ത് വരെ അഞ്ച് മേഖലാതലത്തിൽ കഥാസാരം അവതരിപ്പിക്കും. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, തലശേരി, മട്ടന്നൂർ കേന്ദ്രങ്ങളിലാണ് നടക്കുക. കുടുംബശ്രീയുടെ 25ാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ 135 എ.ഡി.എസ്സുകളിൽ ആരംഭിച്ച കിത്താബ് പദ്ധതിയിലെ വായനക്കാർ മേഖലാതല കഥാസാരത്തിൽ പങ്കെടുക്കും.