ജലാശയങ്ങളിൽ അറവ് മാലിന്യം തള്ളാതിരിക്കാൻ കർശന പരിശോധന

കണ്ണൂർ : ജലാശയങ്ങളിൽ അറവ് മാലിന്യങ്ങൾ തള്ളാതിരിക്കാൻ കർശന പരിശോധന നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോഴി മാലിന്യം റെൻഡറിങ് പ്ലാന്റുകൾക്ക് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശിച്ചു.
ഡിസ്‌പോസ്ബിൾ ഗ്ലാസ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എന്നിവ ഓഡിറ്റോറിയം ഉൾപ്പെടെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുള്ള കല്യാണങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിക്കുന്നത് പഞ്ചായത്തുകൾ തുടരണമെന്നും കലക്ടർ പറഞ്ഞു.
അമൃത്- പദ്ധതി പ്രകാരമുള്ള കണ്ണൂർ കോർപ്പറേഷന്റെ ജി.ഐ.എസ് അധിഷ്ഠിത കരട് മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. പകർച്ചവ്യാധികളുടെ നിയന്ത്രണം സംബന്ധിച്ച് ഡെപ്യൂട്ടി ഡി.എം.ഒ എം.പി. ജീജ വിശദീകരിച്ചു. 30ന് വിരമിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കെ. നാരായണ നായ്ക്കിന് യാത്രയയപ്പ് നൽകി. യോഗത്തിൽ ടി.ഒ. മോഹനൻ, ടി. സരള, ഇ. വിജയൻ, ലിസി ജോസഫ്, കെ. ഗോവിന്ദൻ, കെ. താഹിറ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ടി. രാജേഷ് എന്നിവർ പങ്കെടുത്തു.