റാന്നി: ഓരോതവണയും പിണങ്ങി സ്വന്തം വീട്ടിലെത്തുമ്പോള്‍ കൂടെ ചെന്നില്ലെങ്കില്‍ അച്ഛനെയും അമ്മയേയും കൊല്ലുമെന്ന അവന്റെ ഭീഷണി ഭയന്നായിരുന്നു പൊന്നുമോള്‍ എല്ലാം സഹിക്കാനായി ഒപ്പംപോയിരുന്നത്. വെട്ടേറ്റ് നിലത്തുവീണപ്പോഴും അവരെ ഒന്നും ചെയ്യരുത്, ഞാന്‍ കൂടെ വരാമെന്ന് മോള് കാലില്‍പിടിച്ച് കരഞ്ഞുപറഞ്ഞു.
വീണ്ടും ചിരവ എടുത്ത് അടിക്കുകയും നെഞ്ചില്‍ കടിക്കുകയുമാണ് ചെയ്തത്. അവന്‍ പുറത്തിറങ്ങിയാല്‍ ഞങ്ങളെ എല്ലാം കൊല്ലും. അവനെ പുറത്തിറക്കാന്‍ പലരുമുണ്ട്. ഞങ്ങള്‍ക്ക് സുരക്ഷിതത്വം വേണം. മലര്‍വാടിയില്‍ കൊല്ലപ്പെട്ട രഞ്ജിതയുടെ മാതാപിതാക്കളായ രാജുവും ഗീതയും സഹോദരി അപ്പുവും പറഞ്ഞു.
രഞ്ജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുല്‍ സത്യനെയാണ് കുടുംബം ഭയക്കുന്നത്. അഞ്ചരവര്‍ഷത്തോളം ഇയാള്‍ക്കൊപ്പമാണ് രഞ്ജിത കഴിഞ്ഞിരുന്നത്. രണ്ട് മക്കളുണ്ട്. രഞ്ജിതയുടെ ആദ്യവിവാഹം ഒഴിഞ്ഞശേഷമാണ് രഞ്ജിത അതുലിനൊപ്പം പോയതെന്ന് ഇവര്‍ പറഞ്ഞു. മറ്റൊരാളുടെ ഭാര്യ ആയിരിക്കുമ്പോഴാണ് പോയതെന്ന് പറയപ്പെടുന്നത് ശരിയല്ല.
അതുലിന് ക്രിമിനല്‍ സ്വഭാവമുള്ളതായി അറിഞ്ഞപ്പോള്‍ മുതല്‍ പലതവണ പിണങ്ങി. അച്ഛനെയും അമ്മയേയും കൊല്ലുമെന്ന് ഭയപ്പെടുത്തിയാണ് കൊണ്ടുപോയത്. വിദേശത്തേക്ക് പോയ രഞ്ജിതയെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് തിരികെ വരുത്തിയത്.
ഒരുമാസം മുമ്പാണ് വന്നത്. ഏതാനും ദിവസങ്ങള്‍ നിന്ന ശേഷം ഒരുതരത്തിലും കൂടെ നില്‍ക്കാന്‍ കഴിയാതെ വീട്ടിലേക്ക് ഓടിപോരുകയായിരുന്നു. ഇതിനിടയില്‍ അതുലിന്റെ മോശപ്പെട്ട സ്വഭാവവുമായി ബന്ധപ്പെട്ട പല വിവരങ്ങളും രഞ്ജിത അറിഞ്ഞു. പിണങ്ങി വീട്ടിലെത്തിയ ശേഷവും രഞ്ജിതയുടെ ഫോണിനുവേണ്ടി വഴക്കുണ്ടാക്കിയിരുന്നതായും ഇവര്‍ പറഞ്ഞു.
രണ്ടാഴ്ചയ്ക്കിടയില്‍ പത്തനാപുരത്തുവെച്ചും വാഴക്കുന്നത്തുവെച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് സംഭവങ്ങളും പോലീസില്‍ അറിയിച്ചു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. കൊല്ലുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് സംഭവദിവസം അവള്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്നും ഗീത പറഞ്ഞു.
ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍
ഒരു മണിയോടെ ഇപ്പോള്‍ മഴ പെയ്യുമെന്നപോലെ മാനം ഇരുണ്ടുമൂടിയ നിലയിലായിരുന്നു. മൃതദേഹം ഉടനെ എത്തുമെന്ന് വീട്ടില്‍ ബന്ധുക്കളിലൊരാള്‍ പറഞ്ഞപ്പോള്‍ എന്റെ ദൈവമേ മകള്‍ നനയേണ്ടി വരരുതേ എന്നായിരുന്നു രഞ്ജിതയുടെ അമ്മ കരഞ്ഞുകൊണ്ട് ഉറക്കെ പ്രര്‍ത്ഥിച്ചത്. മൃതദേഹം ആംബുലന്‍സില്‍ എത്തുമ്പോള്‍ കനത്ത മഴയായിരുന്നു.
വീട്ടില്‍ നിന്നും 100 മീറ്ററോളം അകലെ മാത്രമെ വാഹനം എത്തുകയുള്ളൂ. അവിടെനിന്നും തോടിന്റെ വരമ്പിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്. പടുത വലിച്ചുപിടിച്ചാണ് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം നനയാതെ വീട്ടില്‍ എത്തിച്ചത്. വീട്ടിലേക്ക് കയറ്റുവാന്‍ തുടങ്ങുമ്പോള്‍ മുതല്‍ അമ്മ അലറി കരഞ്ഞുകൊണ്ട് മകളുടെ മുഖം കാണാന്‍ ശ്രമിച്ചു.
മൃതദേഹം കട്ടിലില്‍ കിടത്തിയപ്പോള്‍ അമ്മയും സഹോദരിയും കെട്ടിപിടിച്ചുകരച്ചില്‍ തുടങ്ങി. അച്ഛന്‍ മകളുടെ കാലില്‍ പിടിച്ചും തേങ്ങി ഇവരെ ആസ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍ വിഷമിച്ചു. മക്കളായ ഭദ്രിത്, ദര്‍ശിത് എന്നിവരെയും അമ്മയ്ക്കരികില്‍ ചേര്‍ത്തുനിര്‍ത്തി. 3.45 ഓടെ മൃതദേഹം പുറത്തെടുത്തു. മൂത്തമകന്‍ ഭദ്രിതാണ് ചിതയ്ക്ക് തീ കൊളുത്തിയത്.