സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണില്‍ ലക്ഷങ്ങള്‍ സമ്മാനമെന്ന് പറഞ്ഞ് വന്‍ തട്ടിപ്പ്; പിടിയില്‍

Share our post

ഹരിപ്പാട്: നാപ്ടോള്‍ കമ്പനിയുടെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണിലൂടെ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നു വിശ്വസിപ്പിച്ച് 1.35 ലക്ഷം രൂപ തട്ടിയെടുത്ത കര്‍ണാടകസ്വദേശികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവിപ്രസാദ് (35) എന്നിവരെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. പള്ളിപ്പാട് നീണ്ടൂര്‍ ഈശ്വരന്‍പറമ്പില്‍ ഗോപാലകൃഷ്ണപിള്ള(74)യുടെ പരാതിയിലാണിത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് തട്ടിപ്പു നടന്നത്.

ഗോപാലകൃഷ്ണപിള്ള നാപ്ടോളില്‍ നിന്ന് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ഇതിനിടെയാണ് തപാലില്‍ സ്‌ക്രാച്ച് കാര്‍ഡ് കിട്ടിയത്. ഇതു പരിശോധിച്ചപ്പോള്‍ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചതായി രേഖപ്പെടുത്തിയതായാണു കണ്ടത്.

കാര്‍ഡിലുണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ നാപ്ടോളിന്റെ പി.ആര്‍.ഒ.യാണെന്നു പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. പേര് അമല്‍ദേവ് എന്നാണെന്നും ഓച്ചിറ സ്വദേശിയായ താന്‍ ഡല്‍ഹിയില്‍ ജോലിചെയ്യുകയാണെന്നും പറഞ്ഞു.

ഗോപാലകൃഷ്ണപിള്ള സംശയംപറഞ്ഞപ്പോള്‍ അമല്‍ദേവിന്റെ ആധാര്‍ കാര്‍ഡിന്റെയും കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെയും ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. സമ്മാനത്തുകയുടെ 10 ശതമാനം ജി.എസ്.ടി.യായി 1.35 ലക്ഷം രൂപ അടയ്ക്കാനാവശ്യപ്പെട്ട് അക്കൗണ്ട് നമ്പരും നല്‍കി. ഇതിനുശേഷം നികുതിയിനത്തില്‍ കൂടുതല്‍ പണമാവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണപിള്ള പോലീസിനെ സമീപിക്കുകയായിരുന്നു.

പണമയച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ കര്‍ണാടകത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞ പോലീസ് അവിടെയെത്തി ബാങ്കില്‍നിന്ന് അക്കൗണ്ട് ഉടമകളുടെ വിവരം ശേഖരിച്ചു. ഒന്നാംപ്രതി ജഗദീഷിനെ കര്‍ണാടകയിലെ മടിക്കേരിയില്‍നിന്നാണ് പിടികൂടിയത്.

കല്ലുഗുണ്ടിയില്‍നിന്നാണ് രണ്ടാംപ്രതി ദേവിപ്രസാദിനെ പിടികൂടിയത്. ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാര്‍, എസ്.ഐ. ഷൈജ, എ.എസ്.ഐ.മാരായ ശ്രീകുമാര്‍, പ്രദീപ്, സീനിയര്‍ സി.പി.ഒ. അരുണ്‍, സി.പി.ഒ. എ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

സംസാരം നല്ല മലയാളത്തില്‍; തട്ടിപ്പ് ഓച്ചിറക്കാരനെന്നു വിശ്വസിപ്പിച്ച് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ തട്ടിപ്പിനു പിടിയിലായ കര്‍ണാടക സ്വദേശി ജയപ്രസാദിന് കന്നടയ്ക്കു പുറമേ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി ഭാഷകള്‍ സംസാരിക്കാനറിയാമെന്നു പോലീസ്.

ഓച്ചിറ സ്വദേശി അമല്‍ദേവിന്റെ ആധാര്‍ കാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചുവന്നത്. ഒരുവര്‍ഷം മുന്‍പ് അമല്‍ദേവ് ഇവരുടെ തട്ടിപ്പില്‍നിന്നു രക്ഷപ്പെട്ടയാളാണ്. തപാലില്‍ ലഭിച്ച കാര്‍ഡിലെ ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ആധാര്‍ കാര്‍ഡും ഫോട്ടോയുമാണ് ആദ്യമാവശ്യപ്പെട്ടത്.

ഇവ അയച്ചുകൊടുത്തപ്പോള്‍ ജി.എസ്.ടി. തുക നല്‍കണമെന്നായി. ഇതോടെ സമ്മാനത്തുക വേണ്ടെന്നുപറഞ്ഞ് അമല്‍ദേവ് പിന്‍വാങ്ങി. ഇങ്ങനെ തട്ടിപ്പുകാരുടെ കൈവശമെത്തിയ രേഖകളാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് പലഭാഗങ്ങളിലും സമാനമായ രീതിയില്‍ പ്രതികള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ പലരും ഓച്ചിറയില്‍ അമല്‍ദേവിന്റെ വിലാസം തേടിപ്പിടിച്ച് എത്തിയിട്ടുണ്ട്. ഇതോടെ, തന്റെ ആധാര്‍ കാര്‍ഡും ഫോട്ടോയും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതായി കാണിച്ച് അമല്‍ദേവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!